
കീവ്: രണ്ടു ദിവസം കൊണ്ട് യുക്രെയിനെ കീഴടക്കാമെന്ന് കരുതിയ റഷ്യയെ അമ്പരപ്പിച്ച് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഇന്നലെയും യുക്രെയിൻ സൈനികർ അതിശക്തമായ ചെറുത്ത് നില്പ് തുടരുന്നതിനിടെ, യുക്രെയിനിലെ വലിയ നഗരങ്ങളായ ഖെർസനും ബെർഡിസ്നകും പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. രണ്ട് നഗരങ്ങളും പൂർണമായി റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കി.
അതേസമയം, യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യൻ സൈന്യം പ്രവേശിച്ച് ആക്രമണം ആരംഭിച്ചെന്ന് യുക്രെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖാർകിവിൽ ഷെല്ലാക്രമണവും രൂക്ഷമാണ്. തലസ്ഥാന നഗരിയായ കീവിന്റെ ചുറ്റുമുള്ള നഗരങ്ങൾ പിടിച്ചെടുക്കുകയാണ് റഷ്യൻ സൈന്യം. കീവിന്റെ വടക്കുള്ള നഗരമായ വാസിൽകിവിൽ വൻ സ്ഫോടനം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. മിസൈൽ പതിച്ച് വാസിൽകീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. ആണവമാലിന്യ സംസ്കരണ കേന്ദ്രത്തിലും വെടിവയ്പുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
ഇന്നലെ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഖാർകിവിലെ വാതക പൈപ്പ് ലൈൻ തകർന്നു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയർന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമാകാമെന്ന് മുന്നറിയിപ്പുണ്ട്. ഖാർകിവിന് സമീപം താസമിക്കുന്നവർ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനലുകൾ മറയ്ക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇതിനിടെ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല യുക്രെയിൻ സൈന്യം വിച്ഛേദിച്ചു. കീവിലേക്ക് റഷ്യൻ സേന എത്തുന്നത് തടയാനാണിത്. പോർച്ചുഗലും ജർമ്മനിയും അടക്കമുള്ള രാജ്യങ്ങൾ യുക്രെയിന് ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നൽകി.
റഷ്യ ജനവാസ മേഖല ആക്രമിച്ചെന്ന്
യുക്രെയിനിൽ ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നില്ലെന്ന് റഷ്യ ആവർത്തിക്കെ, കീവിൽ ജനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും സാധാരണക്കാരും കൊല്ലപ്പെട്ടെന്നും യുക്രെയിൻ ആരോപിച്ചു. 64 സാധാരണക്കാരുൾപ്പെടെ 240 പേരാണ് യുക്രെയിനിൽ കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. പൂർണമായ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. അതേസമയം, 1,15,000 പേർ യുക്രെയിൻ വിട്ട് പോളണ്ടിൽ അഭയം പ്രാപിച്ചെന്ന് പോളണ്ട് വ്യക്തമാക്കി. 50,000ത്തിലധികം പേർ ഹംഗറിയിലും റൊമാനിയയിലും അഭയം തേടി. ആകെ 3,68,000 പേരാണ് മറ്റ് രാജ്യങ്ങളിൽ അഭയം തേടിയത്.