rohan-s-kunnumal

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ മികവിൽ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സിൽ 264 റണ്ണിന് ഗുജറാത്തിന്റെ എല്ലാ താരങ്ങളും പുറത്തായതോടെ കേരളം വിജയം മണക്കുകയായിരുന്നു. എങ്കിലും ഒരു ദിവസത്തിനുള്ളിൽ 214 റൺ വിജയലക്ഷ്യം മറികടക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കടമ്പ ആയിരുന്നു. എന്നാൽ രോഹന്റെ ആക്രമണശൈലിയിലുള്ള ബാറ്റിംഗിൽ കേരളം അനായാസം വിജയം കൈപിടിയിൽ ഒതുക്കുകയായിരുന്നു. ക്യാപ്ടൻ സച്ചിൻ ബേബിയും സൽമാൻ നിസാറും രോഹന് മികച്ച പിന്തുണ നൽകി. സച്ചിൻ ബേബി 76 പന്തിൽ 62 റണ്ണെടുത്തപ്പോൾ 30 പന്തിൽ 28 റണ്ണുമായി സൽമാനും മികവ് കാട്ടി. ഗുജറാത്തിന് വേണ്ടി കലേരിയയും നഗ്വസ്വാലയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

എസ് കെ ശർമ്മയ്ക്ക് ശേഷം ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ കേരള ക്രിക്കറ്ററാണ് രോഹൻ കുന്നുമ്മൽ. 2008ൽ ഹരിയാനയ്ക്കെതിരായ രഞ്ജി മത്സരത്തിലാണ് എസ് കെ ശ‌ർമ്മ ഈ നേട്ടം സ്വന്തമാക്കിയത്. മേഘാലയയ്ക്ക് എതിരായ ആദ്യ മത്സരത്തിലും രോഹൻ സെഞ്ചുറി നേടിയിരുന്നു. മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 342 റണ്ണാണ് രോഹന്റെ സമ്പാദ്യം. രോഹന്റെ മികച്ച പ്രകടനത്തിന് പ്രോത്സാഹനമായി കെ സി എ പ്രസിഡന്റ് താരത്തിന് 3.42 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

നേരത്തെ 84-5 എന്ന അവസ്ഥയിൽ നിന്ന് കരൺ പട്ടേലും ഉമാംഗും ചേർന്നാണ് ഗുജറാത്തിനെ കരകയറ്റിയത്. ഉമാംഗ് 70ഉം കരൺ പട്ടേൽ 81ഉം റണ്ണെടുത്ത് പുറത്തായി. ജലജ് സക്സേനയ്ക്കും സിജോമോൻ ജോസഫിനുമായിരുന്നു വിക്കറ്റുകൾ. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 138 റണ്ണിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ഇരുവരും പുറത്തായതിന് ശേഷം ഗുജറാത്ത് അധികനേരം പിടിച്ചുനിന്നില്ല. 264 റണ്ണിന് ഗുജറാത്ത് ഓൾ ഔട്ടാവുകയായിരുന്നു.