
മുംബയ്: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സ് 2022-23ന്റെ ഒന്നാംപകുതിയോടെ ഫ്രാഞ്ചൈസി മോഡലിലേക്കും ചുവടുവയ്ക്കും. ഉത്തരേന്ത്യൻ നഗരങ്ങളിലേക്കായിരിക്കും വിപണി വിപുലീകരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പാക്കുകയെന്ന് പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കല്യാൺ ജുവലേഴ്‌സ് ഇന്ത്യ എക്‌സിക്യുട്ടീവ് ചെയർമാൻ രമേഷ് കല്യാണരാമൻ വ്യക്തമാക്കി.
2025 മുതൽ ഫ്രാഞ്ചൈസി രംഗത്തേക്ക് ചുവടുവയ്ക്കായിരുന്നു ആദ്യ പദ്ധതി. എന്നാൽ, കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളിലായി ദൃശ്യമായ മികച്ച വില്പനട്രെൻഡിന്റെ പിൻബലത്തിലാണ് പദ്ധതി അടുത്ത സമ്പദ്‌വർഷത്തിന്റെ തുടക്കത്തിൽ തന്നെ നടപ്പാക്കാൻ തീരുമാനിച്ചത്. രണ്ടോ-മൂന്നോ സ്‌റ്റോറുകളായിരിക്കും തുടക്കത്തിൽ പരീക്ഷണമെന്നോണം തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്യം ഉത്തേരേന്ത്യൻ
നഗരങ്ങൾ
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം കല്യാൺ ജുവലേഴ്‌സ് സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. ഫ്രാഞ്ചൈസി സ്‌റ്റോറുകളിലൂടെ ഉത്തരേന്ത്യയിൽ വിപണിവിപുലീകരണമാണ് ലക്ഷ്യം.
നിലവിൽ ഓരോവർഷം ഒന്നിന് ശരാശരി 30 കോടി നിക്ഷേപത്തോടെ 12-15 സ്‌റ്റോറുകൾ കല്യാൺ പുതുതായി തുറക്കുന്നുണ്ട്. ശരാശരി 20 കോടി രൂപയായിരിക്കും ഫ്രാഞ്ചൈസി സ്‌റ്റോറുകൾക്ക് പ്രതീക്ഷിക്കുന്ന നിക്ഷേപം.
നിലവിൽ കമ്പനിക്ക് 151 സ്റ്റോറുകളുണ്ട്. 121 എണ്ണം ഇന്ത്യയിലും 30 എണ്ണം ഗൾഫ് രാജ്യങ്ങളിലുമാണ്. കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 15 ശതമാനമാണ് വിദേശ സ്‌റ്റോറുകളുടെ സംഭാവന.