
ഡോ. റോണി ഡേവിഡിനെ ആശുപത്രിയിൽ കാണാനില്ലെന്ന പരാതി ഇപ്പോൾ രോഗികൾക്കില്ല. രണ്ടു വള്ളത്തിലല്ല, ഒരു വള്ളത്തിലാണ് ഇപ്പോൾ ഡോക്ടറുടെ യാത്ര. പന്ത്രണ്ടു വർഷം മുൻപ് വരെ രണ്ടു വഞ്ചിയിൽ സഞ്ചരിച്ചു. രണ്ടും ഉത്തരവാദിത്വപ്പെട്ട ജോലി. ആനന്ദം സിനിമയാണ് രോഗികളുടെ പരാതി പരിഹരിച്ചത്. അന്നു മുതൽ റോണി ഡേവിഡ് എന്ന നടനെ സിനിമ ചേർത്തു പിടിച്ചു.ലോക് ഡൗണിന് മുൻപും ശേഷവുമായി അഭിനയിച്ച സിനിമകൾ ഒന്നിനു പിറകെ ഒന്നായി എത്തുന്നതാണ് പുതിയ കാഴ്ച . നിഴൽ, കാണെക്കാണെ, മൈക്കിൾസ് കോഫി ഹൗസ്, കള്ളൻ ഡിസൂസ, കർണൻ നെപ്പോളിയൻ ഭഗത്സിംഗ്, സത്യം മാത്രമേ ബോധിപ്പിക്കൂ,ആറാട്ട് തുടങ്ങിയ ചിത്രങ്ങളാണ് നിരയിൽ. പുട്ടിന് പീര പോലെ മിക്ക സിനിമയിലും റോണി ഡേവിഡിനെ കാണാം. ആസിഫ് അലിയുടെ ഇന്നലെ വരെ, അജു വർഗീസിന്റെ അർദ്ധരാത്രിയിൽ കുട എന്നീ ചിത്രങ്ങൾ പിന്നാലെ വരുന്നു.എപ്പോഴെങ്കിലും ഓൺലൈനിൽ രോഗികൾക്ക് മുന്നിൽ എത്തി ഡോക്ടർ ജോലിയെ ചേർത്തുപിടിച്ചാണ് റോണി ഡേവിഡിന്റെ യാത്ര. വെള്ളിത്തിരയിൽ റോണി നിൽക്കുമ്പോൾ വീട്ടിൽനിന്നുത്തന്നെ ഒരാൾ കാമറയുടെ പിന്നിലുണ്ട്. റോണിയുടെ സഹോദരനാണ്
ചലച്ചിത്ര ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് . ദ ഗ്രേറ്റ് ഫാദർ സിനിമയിൽ മാത്രം ചേട്ടനെ അനുജൻ കാമറ കണ്ണിലൂടെ കണ്ടു. സിനിമയാത്രയിലെ വിശേഷങ്ങൾ റോണി ഡേവിഡ് പങ്കുവയ്ക്കുന്നു.
നിങ്ങൾ നടനാകണമെന്ന് നിങ്ങൾ
തീരുമാനിച്ചിട്ടുണ്ടെങ്കിൽ
ആനന്ദത്തിനു ശേഷമാണ് എന്നെ തിരിച്ചറിയുന്നതും ഞാൻ കുഴപ്പമില്ലെന്ന് ആളുകൾക്ക് തോന്നി തുടങ്ങുന്നതും . പ്രേക്ഷകർക്ക് മാത്രമല്ല സിനിമാക്കാർക്കിടയിലും സുപരിചിതനാക്കിയത് ആനന്ദം സിനിമയാണ്.ഗണേഷ് രാജ് എന്ന സംവിധായകന്റെ പ്രതിഭ തന്നെയാണ് അതിനു പിന്നിൽ. ചാക്കോ സാർ എന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന ഗണേഷിന്റെ ആത്മവിശ്വാസത്തിനു പുറമെ ദൈവാനുഗ്രഹവും ഒപ്പം ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെ ആദ്യ നിർമ്മാണ സംരംഭമായ ആനന്ദം എന്റെ കരിയർ തന്നെ മാറ്റി. അതിനുശേഷമാണ് അഭിനയവും ഡോക്ടർ ജോലിയും ഒപ്പം കൊണ്ടുപോവുന്നത് രണ്ടിനെയും ബാധിക്കുമെന്ന തിരിച്ചറിവ് തോന്നിപ്പിക്കുന്നത്. തിരുവനന്തപുരം എം.ജി കോളേജിലാണ് പ്രീഡിഗ്രി പഠനം. സെക്കൻഡ് ഇയറിനു പഠിക്കുമ്പോൾ പ്രൊഫ. ജി. ശങ്കരപ്പിള്ള സാറിന്റെ 'ഉമ്മാക്കി" നാടകത്തിൽ ഉമ്മാക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കോളേജിൽ മികച്ച നടനായി തിരഞ്ഞെടുത്തു. കേരള സർവകലാശാല നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നടൻ. മെഡിസിൻ പഠിക്കണമെന്ന് പപ്പയുടെ നിർബന്ധമായിരുന്നു. സേലം വിനായക മിഷൻ മെഡിക്കൽ കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോൾ ബാച്ച്മേറ്റ്സായിരുന്ന ഗൗരിശങ്കർ എഴുതിയ തമിഴ് നാടകത്തിൽ അഭിനയിച്ചപ്പോഴും മികച്ച നടനായി തിരഞ്ഞെടുത്തു. സിനിമയിലേക്ക് ശ്രമിക്കണമെന്ന് അപ്പോൾ കൂട്ടുകാരും അദ്ധ്യാപകരും ഉപദേശിച്ചു. ദൈവാനുഗ്രഹത്താൽ ഇവിടെ വരെ എത്താൻ കഴിഞ്ഞതിൽ സന്തോഷം.
മോഹനൻ എന്ന നായകൻ
മൈക്കിൾസ് കോഫി ഹൗസിൽ നായകതുല്യ വേഷമാണ് അവതരിപ്പിച്ചത്. പഴഞ്ചൻ പ്രണയം എന്ന ചിത്രത്തിൽ നായകവേഷം.സംവിധായകൻ ബിനു .എസും ടീമുമാണ് പഴഞ്ചൻ പ്രണയത്തിന് പിന്നിൽ. ബിനുവിന്റെ സ്റ്റൈൽ, കാമുകി എന്നീ ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു. പഴഞ്ചൻ പ്രണയത്തിൽ മോഹനൻ എന്ന മലയാളം അദ്ധ്യാപകന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഒരു കുഞ്ഞു സിനിമ. എന്നാൽ അഭിനയ സാദ്ധ്യത നിറഞ്ഞതും വഴിത്തിരിവുമാവുന്ന പ്രതീക്ഷ നൽകുന്ന കഥാപാത്രങ്ങൾ. എന്റെ ആത്മാർത്ഥതകൊണ്ടു ചെയ്യാൻ കഴിയുന്നതെല്ലാം നൽകാൻ സാധിച്ചുവെന്നാണ് വിശ്വാസം. ബാക്കി ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിൽ.
നവാഗത സംവിധായകരുടെ നടൻ
പുതുമുഖ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടില്ല. ഗണേഷ് രാജിന്റെ ആനന്ദം, രതീഷിന്റെ തൃശ്ശിവപേരൂർ ക്ളിപ്തം, ഹനീഫ് അദേനിയുടെ ദ് ഗ്രേറ്റ് ഫാദർ, ശരത്തിന്റെ കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ്, മാത്തുവിന്റെ ഹെലൻ, നിസാമിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, അഖിൽ പോളിന്റെ ഫോറൻസിക്, വിഷ്ണു രാഘവിന്റെ വാശി, അമലിന്റെ എതിരെ, നവീനിന്റെ പാർട്ട്ണേർസ് .എല്ലാവരും നവാഗതസംവിധായകർ. പുതിയ ഒരാൾ തുടക്കം കുറിക്കുമ്പോൾ ദൈവത്തിന് തോന്നിയിട്ടുണ്ടാവും ഞാൻ കൂടെയുണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന് കരുതി പിടിച്ചുവയ്ക്കുന്നതായിരിക്കാം. എന്റെ ഭാഗത്തുനിന്നുണ്ടാവുന്ന സഹകരണമായിരിക്കാം വിളിക്കാൻ തോന്നിപ്പിക്കുന്നത്. കഥാപാത്രം മികച്ച രീതിയിൽ ചെയ്യാൻ ആത്മാർത്ഥമായ ചിന്ത ഉണ്ടാവാറുണ്ട്. എല്ലാം ദൈവം കനിഞ്ഞു തരുന്നതാവാം.

ഏറെ പ്രിയപ്പെട്ട ഹ്യുമർ
ജീവിതത്തിൽ ഹ്യുമർ നന്നായി ആസ്വദിക്കാറുണ്ട്. കള്ളത്തരം പറയുമ്പോഴും കേൾക്കുമ്പോഴും ഉണ്ടാവുന്ന ഹ്യുമറും ആസ്വദിക്കുന്നു.ഞാൻ ശ്രീനിയേട്ടന്റെ ആരാധകനാണ്. ആനന്ദം, തൃശ്ശിവപേരൂർ ക്ളിപ്തം, കാമുകി, ഹെലൻ എന്നീ സിനിമകളിൽ ഹ്യുമർ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സമീപകാലത്ത് വന്ന സിനിമയിലൊന്നും ഹ്യുമർ കഥാപാത്രം ലഭിച്ചില്ല. എല്ലാ സീരിയസും നെഗറ്റീവ് കഥാപാത്രങ്ങളും. ഹ്യുമർ ചെയ്യാൻ അതിയായ ആഗ്രഹമുണ്ട്.
പപ്പ സി.ടി. രാജൻ. ബിസിനസായിരുന്നു, അമ്മ സൂസൻ ആലീസ് വർഗീസ്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഭാര്യ അഞ്ജു ദന്ത ഡോക്ടർ. മകൾ ജോവാൻ. നാലാം ക്ളാസിൽ പഠിക്കുന്നു. മകൻ നോഹ. ഒന്നാം ക്ളാസിൽ. അനുജൻ റോബിൻ വർഗീസ് രാജിന്റെ ഭാര്യ അഞ്ജു.മകൻ നതാനിയൽ. ഞങ്ങൾ എല്ലാവരും ഇടപ്പള്ളിയിലാണ് താമസം.