
സിനിമയിൽ വരാൻ ആഗ്രഹിക്കാത്ത കൊടുങ്ങല്ലൂർ പെൺകുട്ടിയുടെ പേര് മാളവിക മേനോൻ. അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായി നടന്ന പെൺകുട്ടി സിനിമയിൽ എത്തുമെന്ന് വീട്ടുകാരോ ബന്ധുക്കളോ കരുതിയില്ല. എന്നാൽ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'നിദ്ര" കാണാൻ വീട്ടുകാരും ബന്ധുക്കളും ടിക്കറ്റെടുത്തു.സിനിമയിലെ അഭിനയയാത്ര പത്തുവർഷം പിന്നിട്ടതിന്റെ ആഹ്ളാദത്തിലാണ് മാളവിക മേനോൻ.ബിസിനസുകാരനായ അച്ഛൻ ബാലചന്ദ്രനും അമ്മ ശ്രീകലയും സഹോദരൻ അരവിന്ദും ചേർന്നാൽ മാളവികയുടെ കുടുംബ ചിത്രം തെളിയും. മൂന്നാർ പറക്കാട് റിസോർട്ടാണ് ഇപ്പോൾ ലൊക്കേഷൻ.
മൈനസും പ്ളസ്സും
സിനിമയിലെ പത്തുവർഷം എങ്ങനെ കടന്നുപോയി എന്ന് എനിക്ക് പോലും അറിയില്ല. അടുത്ത് അറിയുന്ന കുറച്ചുപേരോട് മാത്രം സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന സ്വഭാവം തന്നെയാണ് ഇപ്പോഴും. പത്തുവർഷം സിനിമയിൽ തന്നെ നിൽക്കാൻ കഴിയുമെന്ന് കരുതിയില്ല.എല്ലാം ഇൗശ്വരാനുഗ്രഹം. സിനിമയിൽ വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ അവിടെ പത്തുവർഷം തുടരാൻ കഴിയുക വലിയ കാര്യംതന്നെയാണ്.
കലാപരമായി എന്തു ചെയ്യുന്നതും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണ്. ഇത്രയും വർഷം ഒപ്പം നിന്നതിന് എന്നെ സ്നേഹിക്കുന്ന എല്ലാവർക്കുംനന്ദിയുണ്ട്. ഞാൻ ആരാധിച്ച താരങ്ങൾക്ക് ഒപ്പം അഭിനയിച്ചു. സിനിമയിലേക്ക് ഒന്നും പഠിച്ചുവന്ന ആളല്ല. അറിയാത്ത ഒരു കാര്യം ചെയ്യുമ്പോൾ ചില മൈനസും പ്ളസും ഉണ്ടാവും. ഒാരോ സിനിമയിൽനിന്നും പല കാര്യങ്ങൾ പഠിച്ചു ഒരു സയത്ത് എനിക്ക് തോന്നി ഇങ്ങനെ ചെയ്താൽ പോരെന്ന്. കഥാപാത്രത്തെ ശ്രദ്ധിക്കാൻ തുടങ്ങി. നല്ലതുമാത്രം തരുന്ന തിരിഞ്ഞുനോട്ടം പത്തുവർഷം നൽകുന്നതിൽ സന്തോഷമുണ്ട്. ഇനിയത്തെ യാത്രയിലും നല്ല കഥാപാത്രങ്ങളുമായി മികച്ച സംവിധായകർക്കും താരങ്ങൾക്കും ഒപ്പം ചേരാൻ കഴിയട്ടെ എന്നാണ് ആഗ്രഹം.
മമ്മുക്കയെ കണ്ട് അന്തം വിട്ടു
സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടതുമുതൽ ഇതിഹാസ നായകനാണ് സേതുരാമയ്യർ. സി.ബി.ഐയുടെ നാല് ഭാഗങ്ങളും കണ്ടതാണ്. ആസമയത്ത് ഞാൻ സിനിമയിൽ വന്നിട്ടില്ല. സേതുരാമയ്യരായി കൈ പിന്നിൽ കെട്ടി മമ്മുക്കയുടെ നടത്തവും തീം മ്യൂസിക്കും മലയാളിയുടെ ഉള്ളിലേക്ക് കയറിക്കൂടിയതാണ്. സി.ബി.ഐ സീരിസ് ചിത്രങ്ങൾ കണ്ടപ്പോൾ എന്തെങ്കിലും ഒരു കഥാപാത്രം ചെയ്തിരുന്നെങ്കിലെന്ന് പിന്നീട് ആഗ്രഹിച്ചു. സിബിഐ 5 ന്റെ ലൊക്കേഷനിലിരിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ആ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രതിഭാധനരുടെ ടീം . പുഴുവിലാണ് ആദ്യമായി മമ്മുക്കയോടൊപ്പം ഒന്നിച്ചഭിനയിക്കുന്നത്. 'അമ്മ"യുടെ സ്റ്റേജ്ഷോയിൽ മമ്മുക്കയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്നാൽ പുഴുവിൽ അഭിനയിക്കുമ്പോഴാണ് വളരെ അടുത്തു കാണുന്നത് .പുഴുവിൽ വലിയ കഥാപാത്രമല്ലെങ്കിലും ഞാൻ സന്തോഷത്തിലാണ്. ബഹുമാനവും സ്നേഹം കൂടി മമ്മുക്കയെ നോക്കി ഒന്നും മിണ്ടാതെ അന്തംവിട്ടുനിന്നു. മമ്മുക്കയ്ക്ക് എന്തൊരു സൗന്ദര്യമാണ്. മമ്മുക്കയോട് സംസാരിക്കുന്നതും അടുത്തു നിൽക്കുന്നതും ഫോട്ടോയെടുക്കുന്നതും വലിയ അനുഗ്രഹമായി കരുതുന്നു.രതീന ചേച്ചിയോടൊപ്പമാണ് ആദ്യമായി വനിത സംവിധായകയുടെ സിനിമയുടെ ഭാഗമാവുന്നത്. അത് ഇരട്ടി മധുരം തരുന്നു.
ലാലേട്ടനൊപ്പം ആദ്യം
ആറാട്ടിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. 'അമ്മ"യുടെ ഷോയിൽ ലാലേട്ടനൊപ്പം നൃത്തം ചെയ്തു. ലാൽ ഷോയുടെ ഭാഗമായിട്ടുണ്ട്. ലാലേട്ടനൊപ്പം കാമറയുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആറാട്ടിൽ ഒരു പാട്ട് സീനിലും അതിൽ ഡാൻസ് ചെയ്യാനും സാധിച്ചതിൽ സന്തോഷമുണ്ട്.എത്രവർഷം കഴിഞ്ഞാലും ഓർത്തുവയ്ക്കാൻ കഴിയുന്ന സുന്ദരമായ ഓർമ്മ. മമ്മുക്കയെയും ലാലേട്ടനെയും സിനിമയെയും കഥാപാത്രങ്ങളെയും ആരാധിച്ച ആളാണ് ഞാൻ. അവരോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് അതുപോലെ അല്ലല്ലോ.
മലയാളം 4 തമിഴ് 5
മലയാളത്തിൽ നാലും തമിഴിൽ അഞ്ചും സിനിമകളിൽ നായികയായി അഭിനയിച്ചു. പതിമൂന്നാം രാത്രി ശിവ് രാത്രിയാണ് നായികയായി അഭിനയിച്ച പുതിയ സിനിമ. നായികയേക്കാൾ പ്രാധാന്യം കൂട്ടുകാരി കഥാപാത്രത്തിനാണെങ്കിൽ അതു തന്നെ തിരഞ്ഞെടുക്കും. നായികയായി അഭിനയിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ നായികയായി മാത്രമേ അഭിനയിക്കുവെന്ന വാശിയില്ല. നായികവേഷമല്ലാത്ത കഥാപാത്രങ്ങളാണ് മികച്ച അവസരം തരുന്നതെങ്കിൽ അതിലൂടെ മുൻപോട്ട് പോവും. അവിടെ നല്ല കഥാപാത്രം ചെയ്യണം.
ഫ്ളാഷ്മൂവിസിന്റെ ഫോട്ടോ സെഷനാണ് ഇനി.
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ പ്രമോദ് ഗംഗാധരന്റെ കാമറയുടെ മുമ്പിലേക്ക് വരാൻ ഒരുങ്ങുന്ന മാളവിക. മാളവികയെ സുന്ദരിയാക്കുന്നതിൽ മുഴുകി പ്രമോദിന്റെ പ്രിയപാതി നിത്യ. അപ്പോൾ നാലുമണിക്കാറ്റ് ഓടിപ്പോയി.