
ദുബായ് നഗരം എന്നു കരുതി ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിലേക്ക് ദാസനും വിജയനും നീന്തിക്കയറിയത് മുപ്പത്തിയഞ്ച് വർഷം മുൻപാണ്.ആ ഇതിഹാസ കഥാപാത്രങ്ങളെ കണ്ടതുമുതൽ ദുബായ് നഗരം കൂടുതൽ പേർക്ക് സ്വപ്ന ലോകമായി മാറി.ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ദുബായ് കാണാൻ കൊതിക്കുന്നവർ നിരവധി. ഒാരോ ദിവസവും ദുബായ് നഗരത്തിന് ഒാരോ മുഖം. അംബരചുംബികളുടെ നാട്.ബുർജ് ഖലീഫ മാത്രമല്ല ഇവിടെ താരം.ലോകത്തിലെ ഏറ്റവും ഉയരമുള്ള ജെവോറ ഹോട്ടൽ ദുബായിൽത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം 'ഐൻ ദുബായ് "പേരു പോലെ ദുബായ് യുടെ കണ്ണാണ്. ദുബായ് യുടെ മനംമയക്കുന്ന കാഴ്ചകൾ ആസ്വദിച്ചാണ് ജ്യോതികൃഷ്ണയുടെ ജീവിതം. ആ സംസാരം വീണു തുടങ്ങി.
അന്ന് ജോലി തേടി
ഏഴു വർഷം മുൻപാണ് ആദ്യമായി ദുബായിൽ വരുന്നത്. സ്റ്റേജ് ഷോയ്ക്ക് വേണ്ടിയല്ല ഒരു ജോലി തേടിയായിരുന്നു ആ വരവ്. വിജയം മാത്രം നേടുന്നവരുടേതാണ് സിനിമ. അല്ലാത്ത ആളുകൾക്കു അതു വരുമാനമല്ല. ജോലി വേണമെന്ന സാഹചര്യം വന്നു. ദുബായിൽ സുഹൃത്തുക്കളുണ്ട്. ഈവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി പ്രതീക്ഷിച്ചു. എന്നാൽ ലഭിച്ചത് റേഡിയോ ജോക്കിയുടേത്. സിനിമയിൽ മാത്രം കണ്ട ദുബായ് കൺമുന്നിൽ. ഗ്ളോബൽ വില്ലേജും ബുർജ് ഖലീഫയും സമ്മാനിക്കുന്ന മാസ്മരിക ലോകമാണ് സിനിമയിലേതു പോലെ നേരിട്ടു കണ്ടപ്പോഴും തോന്നിയത്. ഖത്തർ ആണ് അതിനു മുൻപ് ഞാൻ പോയ ഗൾഫ് രാജ്യം. എന്നാൽ ദുബായ് വേറൊരു ലോകം. ഞാൻ ദുബായ് നഗരത്തിന്റെ ഭാഗമായി മാറി. ജോലിയുമായി മുൻപോട്ടു പോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ വിളി വന്നു. റിയാലിറ്റി ഷോയിൽ അവതാരകയായി നിറഞ്ഞുനിൽക്കുമ്പോഴാണ് വിവാഹം. വിവാഹശേഷം അരുണും ഞാനും വീണ്ടും ദുബായിലേക്ക്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം.ഈ ജീവിതവും ഈ നാടും തരുന്ന സന്തോഷം വലുതാണ്. ഇടയ്ക്ക് നാടിന്റെ ഓർമ്മകൾ കയറിവരും.

രണ്ടാം വരവിൽ കാഴ്ചകൾ
ആദ്യവരവിൽ ദുബായ് നഗരം ഒന്നു ചുറ്റി കാണാൻ കഴിഞ്ഞില്ല. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് അവധി. വിവാഹം കഴിഞ്ഞു വന്നപ്പോൾ അരുണിനൊപ്പം ദുബായ് മുഴുവൻ കണ്ടു. ആസമയത്ത് അരുൺ ദുബായിൽ വന്നിട്ട് പതിനാറു വർഷം പിന്നിട്ടു. അരുണിന് അറിയാത്ത ഒരു സ്ഥലം പോലും ദുബായിലില്ല. ദുബായ് മാത്രമല്ല യു.എ.ഇ മുഴുവൻ ഞങ്ങൾ കണ്ടു. പാർട്ടി മൂഡ് അനുഭവപ്പെട്ടാൽ ഹാർഡ് റോക് കഫേയിൽ പോവും. ഭക്ഷണവും കഴിച്ച് സ്വസ്ഥമായി ഒന്നു മാറിയിരിക്കാനാണെങ്കിൽ ഗോൾഫ് ക്ളബ് റിസോർട്ട്. അടിപൊളി സ്ഥലം. പെട്ടെന്ന് പോയി വേഗം വരാനാണെങ്കിൽ ഞങ്ങൾ ലാമറിൽ പോകും. ആളുകൾ കഴിക്കുന്നതു കണ്ട് 'ഉ" എന്നു എന്നെക്കൊണ്ട് അതിശയത്തിൽ പറയിപ്പിച്ച ഭക്ഷണമാണ് സുഷി. ജാപ്പനീസ് ഭക്ഷണം. എങ്ങനെയാണ് ഇതു കഴിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അരുണിനോട് പറഞ്ഞു. ഒരു ദിവസം അരുണിനൊപ്പം സുഷി കഴിക്കാൻ പോയി. നമ്മുടെ രീതി അനുസരിച്ച് സുഷി കഴിക്കാൻ അരുൺ പഠിപ്പിച്ചു.ഇപ്പോൾ സുഷി ആണ് എന്റെ പ്രിയ ഭക്ഷണം. കഴിക്കാൻ പഠിപ്പിച്ചത് അബദ്ധം എന്നു ഇടയ്ക്ക് അരുൺ പറയാറുണ്ട്. ദുബായ് ഭക്ഷണത്തിൽ ഏറ്റവും പ്രിയം സുഷി ആണ്. നാട്ടിലെ ഭക്ഷണവും കിട്ടും. ഇടയ്ക്ക് അത് പരീക്ഷിക്കും.
ജീവിതം മാറി, മാറ്രി
അരുണും യാത്രകളെ സ്നേഹിക്കുന്ന ആളാണ്. യൂറോപ്പിലും യു.എസിലും പോയിട്ടുണ്ട്. വിവാഹത്തിനു മുൻപ് ഞാൻ പോയത് ന്യൂസിലൻഡിൽ മാത്രമാണ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ അഭിനയിക്കാനായിരുന്നു ആ യാത്ര. ന്യൂസിലാൻഡ് ഏറെ മനോഹരമാണ്. ഹണിമൂണി ട്രിപ്പിന് ഞങ്ങൾ യൂറോപ്പിലാണ് പോയത്. ഒരു മാസത്തെ യാത്ര. എട്ടു രാജ്യങ്ങൾ കണ്ടു. ജീവിതത്തിലെ മറക്കാനാവാത്ത യാത്ര. മോൻ ജനിച്ച് ആറുമാസമായപ്പോൾ നേപ്പാൾ യാത്ര. അന്നു തീരുമാനിച്ചു, ഇനി എല്ലാം യാത്രയിലും മോൻ ഒപ്പം വേണമെന്ന്. അടുത്ത വർഷം യു.എസ് ട്രിപ്പ് ആലോചനയുണ്ട്. വിവാഹത്തിനു മുൻപ് ജീവിതത്തെ ഗൗരവമായി കണ്ടില്ല. എല്ലാം തമാശയായി കണ്ടു. അമ്മയും ഞാനും മാത്രമായിരുന്നു വീട്ടിൽ. ജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് വിവാഹശേഷമാണ്. പലതിനെയും എങ്ങനെ സമീപിക്കണമെന്ന് മനസിലാക്കി. ചുറ്റും പലതരം ആളുകൾ.എല്ലാം വിവാഹശേഷം തിരിച്ചറിഞ്ഞു. വലിയ ഒരു പാഠമായിരുന്നു വിവാഹം. കുടുംബജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഞാൻ ഒറ്റ മോളാണ്. നല്ല സ്വാർത്ഥതയായിരുന്നു. എനിക്കുണ്ടോ എന്നു മാത്രമാണ് നോക്കുക. ഈ സ്വഭാവമെല്ലാം മാറി.

വരും, വരാതിരിക്കില്ല
സിനിമ എന്നും പാഷൻ തന്നെയാണ്. പ്രതിഫലത്തിനു വേണ്ടി മാത്രം ഒരു സിനിമ പോലും ചെയ്തില്ല. ചില സിനിമകളുടെ കഥ കേൾക്കുമ്പോൾ തന്നെ പരാജയപ്പെടും എന്നു തോന്നും. ഞാൻ അഭിനയിച്ച സിനിമയെല്ലാം ഹിറ്റായിരുന്നുവെന്നല്ല. കഥയും കഥാപാത്രവും നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുക. ഇപ്പോൾ സിനിമ മാറി. എന്നെ പ്രേക്ഷകർ ഓർത്തിരിക്കുന്നുവെന്ന് കരുതുന്നില്ല. കഴിവുള്ള ഒരുപാട് കുട്ടികൾ വരുന്നു. സിനിമ വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിവാഹം കഴിഞ്ഞു എല്ലാവരും ഒരു ഇടവേള എടുക്കുമല്ലോ. ഞാൻ കുടുംബിനിയായി. ഇനി സിനിമയിലേക്ക് മടങ്ങി വരാനാണ് ആഗ്രഹം.