
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പഠന അവസരങ്ങൾ നൽകുക, അവരുടെ ഗവേഷണ കഴിവുകൾ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ലെകോൾ ചെമ്പക സെറീൻ വാലിയിലെ ഒന്ന് മുതൽ നാല് വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റർ കൾച്ചറൽ ലേണിംഗ് സെലിബ്രേഷൻ പ്രോഗ്രാം സഘടിപ്പിച്ചു. ഈ പദ്ധതി വഴി ലോകത്തുള്ള വിവിധ രാജ്യങ്ങളുടെ കല, സംസ്കാരം, പൈതൃകം എന്നിവയെ അടുത്തറിയുകയും വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.
ജപ്പാൻ, യുഎഇ, ഈജിപ്ത്, ഫ്രാൻസ്, കെനിയ എന്നീ അഞ്ച് രാജ്യങ്ങളെയാണ് വിദ്യാർത്ഥികൾ സാംസ്കാരിക പഠനത്തിനായി തിരഞ്ഞെടുത്തത്. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും തിരഞ്ഞെടുത്ത രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പഠിക്കുകയും വിശദാംശങ്ങൾ അവരവരുടെ ശൈലിയിൽ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രോഗ്രാം. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ സംസ്കാരം, പൈതൃകം, ചരിത്രം, ഭൂമിശാസ്ത്രം, പാചകരീതി, പ്രശസ്ത വ്യക്തിത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ചിലർ അറബിക്, ഫ്രഞ്ച് ഗാനങ്ങൾക്ക് നൃത്തം ചെയ്തു.
ചടങ്ങിൽ കൊറോണ-നോർക്കോ അഡൾട്ട് സ്കൂൾ പ്രിൻസിപ്പൽ ഡോ. തോയിബി എൻ റുബ്ലൈറ്റസ് മുഖ്യാതിഥി ആയിരുന്നു.