
ചിരിക്കുന്ന മുഖമാണ് കോട്ടയം പ്രദീപ് എന്ന നടന്റെ മുഖമുദ്ര. പേരിനൊപ്പം ചേർക്കാൻ നൂറുകണക്കിന് ചിത്രമില്ല. എന്നാൽ വർത്തമാനശൈലിയുടെയും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിദ്ധ്യത്താൽ കോട്ടയം പ്രദീപിനെ പ്രേക്ഷകർ ഹൃദയത്തിലേറ്റി. 'കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട് " ഈ ഡയലോഗ് കേൾക്കുമ്പോൾ തന്നെ കോട്ടയം പ്രദീപിന്റെ മുഖം ഓർമ്മയിൽ വരും. ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രവും ഈ ഒരൊറ്റ ഡയലോഗുമാണ് കോട്ടയം പ്രദീപിന് വെള്ളിത്തിരയിൽ കസേര ഇട്ടുകൊടുത്തത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ 'കിടുക്കി, കലക്കി, തിമിർത്തു"എന്ന ഡയലോഗ് മലയാളികൾ ഏറ്റെടുത്തു. എഴുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. അപ്രതീക്ഷിതമായിരുന്നു കോട്ടയം പ്രദീപിന്റെ വിയോഗം. മോഹൻലാലിന്റെ ആറാട്ട് ആണ് അവസാന ചിത്രം. മോഹൻലാലിന്റെ ഒരു നോട്ടം ലഭിക്കാൻ കാത്തുനിന്ന പ്രദീപ് പ്രിയതാരത്തിനൊപ്പം അഭിനയിച്ചു മടങ്ങി.