
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ എട്ടു വിക്കറ്റിന് കീഴടക്കി കേരളം
രോഹൻ എസ്.കുന്നുമ്മലിന് തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും സെഞ്ച്വറി
രാജ്കോട്ട് : ഏകദിനത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വാശിയോടെ പോരാടി നേടിയ അത്യുജ്ജ്വല വിജയവുമായി രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിന്റെ ചരിത്രനേട്ടം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിന് കേരളം ഗുജറാത്തിനെ വീഴ്ത്തിയപ്പോൾ തുടർച്ചയായ മൂന്നാം ഇന്നിംഗ്സിലും സെഞ്ച്വറി നേടി ഓപ്പണർ രോഹൻ.എസ്.കുന്നുമ്മൽ വീര പരിവേഷമണിഞ്ഞു. എലീറ്റ് ഗ്രൂപ്പ് റൗണ്ടിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം അവസാന ദിവസമായ ഇന്നലെ 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു. രോഹൻ 87 പന്തിൽ 106 റൺസോടെ പുറത്താകാതെ നിന്നു. 44 പന്തിൽ അർധസെഞ്ച്വറി പിന്നിട്ട രോഹൻ വെറും 83 പന്തിലാണ് സെഞ്ച്വറിയിലേക്കെത്തിയത്. അർധസെഞ്ച്വറി നേടിയ ക്യാപ്ടൻ സച്ചിൻ ബേബിയുടെ (62)ഇന്നിംഗ്സും വിജയത്തിൽ നിർണായകമായി.രണ്ടാം വിക്കറ്റിൽ രോഹനും സച്ചിൻ ബേബിയും പടുത്തുയർത്തിയ 143 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സൽമാൻ നിസാർ 30 പന്തിൽ 28 റൺസോടെ വിജയത്തിലേക്ക് രോഹന് കൂട്ടുനിന്നു.
സ്കോർ കാർഡ്
ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് 388
ഹേത് പട്ടേൽ 185,കരൺ പട്ടേൽ 120
എം.ഡി നിതീഷ് 5-54
കേരളം ഒന്നാം ഇന്നിംഗ്സ് 439
രോഹൻ കുന്നുമ്മൽ 129, വിഷ്ണു വിനോദ് 113,
സച്ചിൻ ബേബി 53,രാഹുൽ 44
ഗുജറാത്ത് രണ്ടാം ഇന്നിംഗ്സ് 264
കരൺ 81,ഉമാംഗ് 70
ജലജ് 4-57,3-48
കേരളം രണ്ടാം ഇന്നിംഗ്സ് 214/2
രോഹൻ 106*, സച്ചിൻ ബേബി 62,സൽമാൻ നിസാർ 30*
രഞ്ജിയിൽ തുടർച്ചയായി മൂന്ന് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമാണ് രോഹൻ.
ഒരു രഞ്ജി മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കേരള താരമാണ് രോഹൻ.2008-09 സീസണിൽ സാംബശിവ ശർമ്മ ഹരിയാനയ്ക്കെതിരെ പാലക്കാട് വെച്ച് ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി (103,&111*) നേടിയിരുന്നു.
ഗുജറാത്തിനെതിരെ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാണ് രോഹൻ.
രഞ്ജിയിൽ ആകെ 87 പേർ ഒരു മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയിട്ടുണ്ട്.
കേരളം രണ്ടാം സ്ഥാനത്ത്
എലൈറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മേഘാലയയെ ഇന്നിംഗ്സിന് തോൽപ്പിച്ചിരുന്ന കേരളത്തിന് ഇതോടെ രണ്ടു കളികളിൽനിന്ന് 13 പോയിന്റായി. 13 പോയിന്റുതന്നെയുള്ള മധ്യപ്രദേശാണ് റൺറേറ്റിലെ നേരിയ മുൻതൂക്കത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ മദ്ധ്യപ്രദേശ് മേഘാലയയെ തോൽപ്പിച്ചിരുന്നു. വ്യാഴാഴ്ച തുടങ്ങുന്ന അടുത്ത മത്സരത്തിൽ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.
പിടിച്ചുവാങ്ങിയ വിജയം
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറികൾ നേടിയ രോഹന്റെയും (129) വിഷ്ണു വിനോദിന്റെയും (113) മികവിൽ കേരളം ലീഡ് നേടിയിരുന്നു. എന്നാൽ ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത കരൺ പട്ടേൽ – ഉമാംഗ് കുമാർ സഖ്യം മത്സരം സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. 85 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്ന ഗുജറാത്തിനെ ഇന്നലെ ആദ്യ സെഷൻ വിജയകരമായി പിടിച്ചുനിന്ന് അഞ്ചിന് 222 റൺസ് എന്ന നിലയിലേക്ക് അവർ എത്തിച്ചു. 287 പന്തുകൾ ക്രീസിൽ നിന്ന ഉമാംഗ് – കരൺ സഖ്യം 138 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, ജലജ് സക്സേനയുടെ മികവിൽ ഗുജറാത്തിന്റെ അവസാന അഞ്ച് വിക്കറ്റുകൾ വെറും 42 റൺസിനിടെ പിഴുത കേരള ബൗളർമാർ അവരെ 264 റൺസിൽ ഒതുക്കുകയായിരുന്നു.
കേരളം മറുപടി ബാറ്റിംഗിന് ഇറങ്ങുമ്പോൾ 214 റൺസ് അകലെയായിരുന്നു വിജയം. അവസാന ദിനം ഓവറുകൾ പരിമിതമായതിനാൽ ഏകദിന ശൈലിയിൽ തകർത്തടിച്ചാൽ മാത്രം കൈപ്പിടിയിലൊതുക്കാവുന്ന വിജയലക്ഷ്യം. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ ഒരിക്കൽക്കൂടി മുന്നിൽനിന്ന് നയിച്ചതോടെ കേരളം വിജയം ലക്ഷ്യമിട്ട് മുന്നേറ്റം തുടങ്ങി. ഓപ്പണിംഗ് വിക്കറ്റിൽ രോഹനും രാഹുലും ചേർന്ന് 34 പന്തിൽ 27 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ രാഹുൽ (7)പുറത്തായി
പിന്നീട് രോഹനും സച്ചിൻ ബേബിയും ചേർന്നതോടെ കേരളം ട്രാക്കിലായി. രോഹൻ തകർത്തടിച്ച് മുന്നേറിയപ്പോൾ സച്ചിൻ ബേബി ഉറച്ച പിന്തുണയുമായി കൂട്ടുനിന്നു. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടും തീർത്തു. കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ കേരളം വിജയത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ സച്ചിൻ ബേബിയെ സിദ്ധാർഥ് ദേശായ് പുറത്താക്കി. 76 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 62 റൺസെടുത്തായിരുന്നു സച്ചിന്റെ മടക്കം. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 135 പന്തിൽ 143 റൺസ്.
തുടർന്നെത്തിയ സൽമാൻ നിസാർ മന്ദഗതിയിലാണ് തുടങ്ങിയത്. പന്തും റണ്ണും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതിന്റെ സമ്മർദ്ദത്തിനിടെ നഗ്വാസ്‌വല്ലയ്‌ക്കെതിരെ ഒരു ഓവറിൽ സിക്സും ഫോറും നേടി താരം സമ്മർദ്ദമയച്ചു. പിന്നാലെ 83 പന്തിൽ രോഹൻ സെഞ്ച്വറി തികച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 44 റൺസ് കൂട്ടിച്ചേർത്ത് രോഹൻ – നിസാർ സഖ്യം കേരളത്തെ വിജയത്തിലെത്തിച്ചു.