
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ സി.സി ടിവി കാമറ സ്ഥാപിക്കാൻ ടെൻഡർ മാനദണ്ഡങ്ങൾ മറികടന്ന് 5.75 കോടിയുടെ ടെൻഡർ അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനത്തിന് നൽകാൻ പൊതുമരാമത്ത് വകുപ്പിന്റെ തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജീനീയർ നടത്തിയ ശ്രമത്തിന് മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടിയെന്ന് സൂചന.
സാങ്കേതികാനുമതിയില്ലാതെ ഈ ഉദ്യാഗസ്ഥൻ ടെൻഡർ നടപടിയുമായി മുന്നോട്ട് പോയത് മേലുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതിനാലാണെന്ന് പ്രാരംഭ അന്വേഷണത്തിൽ കണ്ടെത്തി.പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ചീഫ് എൻജിനീയർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടടക്കം ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിച്ചു വരുകയാണ്.ഇലക്ട്രോണിക്സ് ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ ആസ്തിയെക്കുറിച്ചും അന്വേഷിക്കുന്നു.
വൻ തട്ടിപ്പ്
പൊതുമരാമത്ത് വകുപ്പിലെ തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ശുപാർശ ചെയ്ത ടെൻഡറിൽ പല ഇനത്തിനും വിപണി വിലയുടെ പത്തിരട്ടിയാണ് രേഖപ്പെടുത്തിയിരുന്നത്. അഞ്ചു കോടിരൂപയ്ക്കു മുകളിലുള്ള ടെൻഡറിൽ ഒരു കോടി രൂപയ്ക്കു പോലുമുള്ള സാധനങ്ങൾ വാങ്ങാതെ വില കുറഞ്ഞ സാധനങ്ങൾ വില കൂട്ടിക്കാണിച്ച് വൻതട്ടിപ്പ് നടത്തുകയായിരുന്നു ലക്ഷ്യം .
മുൻകാലങ്ങളിലും ഇത്തരത്തിൽ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് വൻതട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ലഭിച്ച പരാതിയിൽ മന്ത്രി അന്വേഷണം നടത്തിയതു കൊണ്ടാണ് കെൽട്രോണിനെയടക്കം ഒഴിവാക്കി രജിസ്റ്റേർഡ് ലൈസൻസിയല്ലാത്ത സ്വകാര്യ സ്ഥാപനത്തിന് ടെൻഡർ നൽകാനുള്ള നീക്കം പൊളിഞ്ഞത്.വൻ അഴിമതി നടത്താനുള്ള ഒത്തുകളിയാണ് മന്ത്രി ഇടപെട്ടതിനാൽ ഒഴിവായത്.
റിപ്പോർട്ട് ഇന്ന്
5.75 കോടിയുടെ ടെൻഡർ അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനത്തിന് നൽകാൻ ശുപാർശ നൽകിയ
സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നു നൽകും.മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം.കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം.ഇത്തരം തട്ടിപ്പുകൾ ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശം സമർപ്പിക്കാനും മന്ത്രി റിയാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു മരാമത്ത് വകുപ്പിൽ 400
ജീവനക്കാരെ പുനർവിന്യസിക്കും
₹അവസരം നഷ്ടപ്പെടുമെന്ന്ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: പൊതു മരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിൽ അധികമുള്ള 400 ഓളം ജീവനക്കാരെവകുപ്പിലെ മറ്റ് വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കാൻ നീക്കം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കാനുള്ള സമിതിയുടെ റിപ്പോർട്ടനുസരിച്ച്
അസിസ്റ്റന്റ് തസ്തികയിൽ പുനർവിന്യാസത്തിന് നേരത്തേ തീരുമാനിച്ചിരുന്നു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ദേശീയപാതയുടെ ദൈർഘ്യം കുറഞ്ഞതിനാൽ ജീവനക്കാർ അധികമെന്ന് കണ്ടെത്തിയിരുന്നു. ആകെയുള്ള 585 ജീവനക്കാരിൽ 185 പേരുടെ സേവനമേ ആവശ്യമുള്ളൂവെന്നാണ് കണ്ടെത്തൽ.കേരള റോഡ് ഫണ്ട് ബോർഡ്, മരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ, മറ്റ് പദ്ധതികൾ എന്നിവിടങ്ങളിലേക്കായിരിക്കും പുനർവിന്യാസം.
'കിഫ്ബി'യുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പരാതി ഉയർന്നിരുന്നു. മരാമത്ത് വകുപ്പിൽ അധികമുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ കോർപ്പറേഷനിലേക്ക് മാറ്റാനും ആലോചനയുണ്ട്. സംസ്ഥാന സർക്കാരിന്റെ അധീനതയിലായിരുന്ന 1600 കിലോമീറ്ററോളം ദേശീയപാത 400 കിലോമീറ്ററായി കുറഞ്ഞു. വീതി കൂട്ടുന്നതിനും മറ്റുമായി ദേശീയപാത അതോറിട്ടി ബാക്കി ഭാഗംഏറ്റെടുക്കുകയായിരുന്നു.