indian-embassy-in-ukraine

കീവ്: യുക്രെയിനിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ ഇന്ത്യക്കാർക്ക് ട്രെയിൻ സർവീസുകൾ ഉപയോഗിക്കാമെന്ന് ഇന്ത്യൻ എംബസി. റെയിൽ മാർഗ്ഗം വഴിയുള്ള യാത്ര സുരക്ഷിതമാണെന്നും എംബസി അറിയിച്ചു. യാത്ര സൗജന്യമാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും റെയിൽവേ സ്റ്റേഷനിൽ മുൻഗണന നൽകും. ഇന്ത്യക്കാർ കൂട്ടമായി യാത്ര ചെയ്യണമെന്നും എംബസി നിർദ്ദേശിച്ചു. തനിച്ചാണെങ്കിൽ മറ്റ് ഇന്ത്യൻ യാത്രക്കാരെ കണ്ടെത്തി അവരോടൊപ്പം യാത്ര തുടരണം. യുക്രെയിനിൽ അകപ്പെട്ട ഇന്ത്യൻ വംശജരെ റൊമാനിയയും ഹംഗറിയും വഴി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്. യുക്രെയിന്റെ അയൽ രാജ്യങ്ങളുമായി കൂടുതൽ അതിർത്തികൾ തുറക്കാൻ വേണ്ട നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പ്രശ്നബാധിത മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ യുക്രെയിൻ ആരംഭിച്ചിട്ടുണ്ട്.