
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് ഇന്ത്യ 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ അഥവാ ആളില്ലാ പറക്കും വിമാനം വാങ്ങുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോട്ടുകൾ. മൂന്ന് ലക്ഷം കോടി ഡോളറിന്റെ ഇടപാടാണിതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ യാഥാർത്ഥ്യമായാൽ പ്രിഡേറ്റർ ഡ്രോൺ സ്വന്തമാകുന്ന നാറ്റോ സഖ്യത്തിൽ അംഗമല്ലാത്ത ആദ്യ രാജ്യമായി ഇന്ത്യ മാറും.എം.ക്യു 9ബി സീ ഗാർഡിയൻ ഡ്രോണാണ് ഇന്ത്യ വാങ്ങുന്നത്. കര, നാവിക, വ്യോമ സേനകൾക്ക് 10 വീതം ഡ്രോണുകൾ ലഭ്യമാക്കാനാണ് ഇന്ത്യയുടെ നീക്കം.
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന പ്രതിരോധ ഇടപാടുകൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനെപ്പറ്റിയുള്ള ചർച്ചകളും ശക്തമായി. യു.എസിന്റെ ‘മുഖ്യ പ്രതിരോധ പങ്കാളി’ എന്ന പദവി ഉപയോഗപ്പെടുത്തി വേഗത്തിൽ ഡ്രോണുകൾ എത്തിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നാണ് വിവരം. അതിർത്തിയിൽ ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യക്ക് കൂടുതൽ കരുത്ത് പകരും.