
മോസ്കോ: യുക്രെയിൻ - റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കേ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയിനെ സഹായിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഉത്തരവിന് പിന്നിലെന്നാണ് റിപ്പോർട്ട്. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പുട്ടിൻ ഇക്കാര്യം അറിയിച്ചത്. ആണവ പ്രതിരോധ സേനയെ പ്രത്യേക ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയെന്നാണ് വിവരം.
യുക്രെയിനിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദ്ദേശം കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്.