
അക്കാപുൽക്കോ: മെക്‌സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിന്.ഫൈനലിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. സ്‌കോർ: 6-4, 6-4. 2022-ൽ നദാൽ നേടുന്ന മൂന്നാമത്തെ കിരീടവും കരിയറിലെ 91-ാം എ.ടി.പി കിരീടവുമാണിത്.
മൂന്ന് കിരീടങ്ങൾ കൂടി നേടിയാൽ ഏറ്റവുമധികം എ.ടി.പി. കിരീടങ്ങൾ നേടിയ മൂന്നാമത്തെ താരം എന്ന റെക്കാഡ് നദാലിന് സ്വന്തമാക്കാം. 94 കിരീടങ്ങളുള്ള ഇവാൻ ലെന്‍ഡിലാണ് മൂന്നാമത്. 109 കിരീടവുമായി ജിമ്മി കോണേഴ്‌സും 103 കിരീടവുമായി സ്വിസ് ഇതിഹാസം റോജർ ഫെഡററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
നദാലിന്റെ കരിയറിലെ നാലാം മെക്‌സിക്കൻ ഓപ്പണ്‍ കിരീടമാണിത്. 2020, 2013, 2005 എന്നീ വർഷങ്ങളില്‍ നദാൽ കിരീടം നേടിയിരുന്നു. മെക്‌സിക്കോ ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും പ്രായം കുറഞ്ഞ താരവും നദാലാണ്. 2005-ൽ 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കിരീടം നേടിയ നദാൽ 2022-ൽ 35 വയസായപ്പോഴും കിരീടം നേടി അപൂർവ റെക്കോഡ് സ്വന്തമാക്കി.
പുരുഷ ഡബിൾസിൽ ഫെലിസിയാനോ ലോപ്പസ്-സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സഖ്യം കിരീടം നേടി.