putin

മോസ്കോ: അതീവ തന്ത്രശാലിയായ നേതാവാണ് റഷ്യൻ പ്രസിഡന്റായ വ്‌ളാദിമിർ പുടിൻ. ആ ബുദ്ധികൂർമ്മത തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിലും അദ്ദേഹം നിലനിർത്തുന്നുണ്ടെന്നതാണ് ഏറ്റവും രസകരം. പുടിന്റെ കുടുംബത്തെ കുറിച്ച് അറിയാവുന്നവർ വളരെ കുറവാണ്. അദ്ദേഹത്തിന് രണ്ട് മക്കളാണുള്ളതെന്നും അതല്ല മൂന്ന് പേരാണെന്നും മൂന്നാമത്തെയാളെ വളരെ രഹസ്യമായാണ് വളർത്തുന്നതെന്നും കഥകളുണ്ട്.

ഒരു മുൻ എയർ ഹോസ്റ്റസായ ല്യുഡ്മില ഷ്ക്രെബ്നേവയായിരുന്നു പുടിന്റെ ഭാര്യ. ഷ്ക്രെബ്നേവയെ 1983ൽ വിവാഹം കഴിച്ച പുടിൻ 2013ൽ വിവാഹമോചിതനാകുകയായിരുന്നു. ഒരു നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും സംയുക്തമായാണ് വിവാഹമോചന വാ‌ർത്ത പുറത്തുവിട്ടത്. തന്റെ തിരക്കേറിയ ജീവിതത്തിനിടെ തമ്മിൽ കാണാൻ പോലും സമയം കിട്ടാറില്ലെന്നും തന്റെ ഭാര്യയും ഒരു വ്യക്തിയായതിനാൽ അവരുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതിനാലാണ് വിവാഹബന്ധം വേർപ്പെടുത്തുന്നതെന്ന് പുടിൻ പറഞ്ഞിരുന്നു.

വിവാഹിതരായിരുന്ന സമയത്ത് പോലും ഷ്ക്രെബ്നേവ അധികം പൊതുവേദികളിൽ വരാറില്ലായിരുന്നു. പ്രോട്ടോകോൾ അനുശാസിക്കുന്ന ഇടങ്ങളിൽ മാത്രമായിരുന്നു ഷ്ക്രെബ്നേവയുടെ സാന്നിധ്യം കൂടുതലും കണ്ടിരുന്നത്. മാദ്ധ്യമങ്ങളിൽ നിന്നെല്ലാം കൃത്യമായ അകലം പാലിക്കാൻ ഷ്ക്രെബ്നേവ ശ്രദ്ധിച്ചിരുന്നു.

ഷ്ക്രെബ്നേവയിൽ പുടിന് രണ്ട് പെൺമക്കളുണ്ട്. മൂത്ത മകൾ മരിയ വൊറോണ്ട്സോവ തന്റെ ഭർത്താവിനൊപ്പം മോസ്കോയിൽ തന്നെയാണ് താമസം. വൈദ്യ ശാസ്ത്ര രംഗത്ത് ഗവേഷണം ചെയ്യുന്ന മരിയയും പുടിനുമായുള്ള തന്റെ ബന്ധം പൊതുവേദികളിൽ പരസ്യപ്പെടുത്താറില്ല. മരിയയുടെ ഭർത്താവ് ജോറിത്ത് ഫാസൻ ഡെന്മാർക്ക് പൗരനാണ്. എങ്കിലും ഇരുവരും കുടുംബമായി മോസ്കോയിൽ തന്നെയാണ് താമസം.

ഇളയ മകൾ കാതറീന അറിയപ്പെടുന്ന ഒരു നർത്തകിയാണ്. എന്നാൽ പൊതുവേദികളിൽ കാതറീന ടിഖോണോവ എന്നറിയപ്പെടുന്ന ഇവർ, മുത്തശ്ശിയുടെ കുടുംബപേരാണ് തന്റെ പേരിനൊപ്പം ചേ‌ർത്തിരിക്കുന്നത്. അതിനാൽ തന്നെ റഷ്യയിൽ പരക്കെ അറിയപ്പെടുന്ന അക്രോബാറ്റിക് നർത്തകിയായിട്ട് പോലും കാതറീനയ്ക്ക് പുട്ടിനുമായുള്ള ബന്ധം റഷ്യയിൽ പലർക്കും അജ്ഞാതമാണ്.

ഇതിനു പുറമേ പുടിന്റെ കാമുകി എന്ന് കരുതപ്പെടുന്ന ജിനാസ്റ്റും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ അലീന കബായേവയിൽ പുടിന് ഒരു മകളുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. ഇത് സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് 2008ൽ മോസ്കോവ്സ്കി കറസ്പോണ്ടന്റ് എന്ന റഷ്യൻ പത്രത്തിൽ വന്നിരുന്നു. വാർത്ത പുടിൻ നിഷേധിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആ പത്രം തന്നെ അടച്ചുപൂട്ടേണ്ടി വന്നു. 2019ൽ കബായേവ രണ്ട് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയതായും ഇവർ പുടിന്റെ മക്കളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇവർക്ക് പുറമേ പുടിന്റെ മൂത്ത മകൾ മരിയ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. അങ്ങനെ പുടിൻ ഒരു മുത്തച്ഛൻ കൂടിയാണ്. ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകൾ പുടിൻ തന്നെ ഒരു റഷ്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയാതെ പറഞ്ഞു പോകുകയായിരുന്നു.