
കൊല്ലം: ജില്ലാ കോടതിയിലെ മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും അഭിഭാഷകനും കൊട്ടിയം പൗരവേദിയുടെ പ്രസിഡന്റുമായ കൊട്ടിയം എൻ.അജിത്ത് കുമാറിന് മാനഹാനി വരുത്തി വാർത്ത സംപ്രേഷണം ചെയ്തെന്നാരോപിച്ച് ഫയൽ ചെയ്ത അന്യായത്തിൽ പ്രതികൾക്കെതിരെ കേസെടുത്ത് കോടതി ഉത്തരവായി. കൊട്ടിയം കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ന്യൂസ് ചാനൽ ഉടമയും റിപ്പോർട്ടറുമായ ഉമയനല്ലൂർ, മൈലാപ്പൂർ, ലേഖ ഭവനത്തിൽ സാബു, തഴുത്തല പി.കെ ജംഗ്ഷനിൽ പ്രസീദ് ഭവനിൽ അജിതകുമാരി, പ്രസീദ് ലാൽ എന്നിവർക്കെതിരെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 പി. അരുൺകുമാർ കേസെടുത്തത്.
2021 ഡിസംബർ 26 നാണ് അജിത്ത് കുമാറിനെ അപകീർത്തിപ്പെടുന്ന വാർത്ത പ്രക്ഷേപണം ചെയ്തത്. അജിത്ത് കുമാറും സജികുമാർ എന്നയാളും ചേർന്ന് പ്രസീദ് ലാലിനെ മാനസിക രോഗാശുപത്രിയിലാക്കിയെന്നായിരുന്നു വാർത്ത. തുടർന്ന് അജിതകുമാരിക്കും കുടുംബത്തിനും സ്വന്തമായുള്ള രണ്ട് വീടും വിട്ടിറങ്ങേണ്ടി വന്നുവെന്ന് അജിതകുമാരിയും പ്രസീദ് ലാലും വാർത്തയിൽ പറയുന്നു. എന്നാൽ ഈ ദിവസം പ്രസീദ് ലാൽ തന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് മുന്നിൽ മാനസിക രോഗം അഭിനയിച്ചു. ഇതോടെ പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തി മാനസികരോഗാശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നുവെന്നായിരുന്നു അജിത്ത് കുമാറിന്റെ വാദം. പ്രതികൾ ഒക്ടോബർ 29ന് കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്.