
മോസ്‌കോ :യുക്രെയിനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ ആണവയുദ്ധത്തിന് റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുക്രെയിനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകിയതായി റഷ്യൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് സേനാ തലവന്മാർക്ക് പുട്ടിൻ നിർദ്ദേശം നൽകിയെന്ന വിവരമാണ് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്‌തത്.
ആണവഭീഷണിയുമായി പുട്ടിൻ രംഗത്തെത്തിയതിന് പിന്നാലെ സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം യുക്രെയിൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു .ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രെയിൻ പ്രതിനിധി സംഘം യാത്ര തിരിച്ചു.
റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തത്‌സ്ഥിതി തുടരുമെന്നും ബെലാറൂസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് യുക്രെയിൻ സന്നദ്ധത അറിയിച്ചത്.