
കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ കരിക്കോടുള്ള ഗോഡൗണിലെത്തിയ ലോറിയിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ച ലോറി ജീവനക്കാർ അറസ്റ്റിൽ. ഡ്രൈവർമാരായ പാലക്കാട് സ്വദേശികളായ കൊല്ലങ്കോട് വൈയിലൂർ തോട്ടപ്പുര ഹൗസിൽ ശിവകുമാർ (33), ആലത്തൂർ ഉദനൂർ ചിമ്പുക്കാട്ട് പാലാട്ടുകുളം ഹൗസിൽ സോമൻ (45) എന്നിവരാണ് പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യം നിറച്ച ലോഡുകൾ സമയം കഴിഞ്ഞാൽ ബിവറേജസിന്റെ ഗോഡൗണിന് സമീപമുള്ള നിർദ്ദിഷ്ട സ്ഥലത്ത് പാർക്ക് ചെയ്യുകയാണ് പതിവ്. ലോഡ് കയറ്റി വന്ന ലോറികൾ കഴിഞ്ഞ ദിവസവും ഇവിടെ പാർക്ക് ചെയ്തിരുന്നു. ഇന്നലെ രാവിലെ ലോഡിറക്കി സ്റ്റോക്ക് പരിശോധിച്ചപ്പോൾ ചില കെയ്സുകളിൽ മദ്യക്കുപ്പികളിൽ കുറവ് കണ്ടെത്തി. ലോറി ജീവനക്കാർ വിശദീകരണം നൽകാതിരുന്നതോടെ ഗോഡൗൺ മാനേജർ പൊലീസിൽ പരാതി നൽകുകയിരുന്നു. ഇവർക്കെതിരെ മോഷണ കേസ് രജിസ്റ്റർ ചെയ്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, താഹകോയ, ജയൻ കെ. സക്കറിയ, എ.എസ്.ഐമാരായ പ്രകാശ് ചന്ദ്രൻ, ജിജു, സി.പി.ഒ സജിമ എന്നിവരാണ് പ്രതികളെ പിടികൂടിയത്.