
സർവീസ് തോന്നുംപടി
കൊല്ലം: സമയക്രമവും അച്ചടക്കവുമില്ലാതെ തോന്നുംപടി സർവീസ് നടത്തി സ്വകാര്യ ബസുകൾ. നിരത്തുകളിൽ ഗുണ്ടായിസവും കാട്ടിത്തുടങ്ങിയതോടെ യാത്രക്കാരും ഭയപ്പെട്ടുതുടങ്ങി.
സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ തല്ലുന്നതിന് പുറമെ റോഡുകളിൽ മാർഗ തടസം സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. എന്നിട്ടും നടപടി സ്വീകരിക്കേണ്ടവർ മൗനത്തിലാണ്.
തർക്കം അക്രമത്തിലും കത്തികുത്തിലും വരെ കലാശിച്ച സംഭവങ്ങളും ജില്ലയിൽ അടുത്തിടെയുണ്ടായി. നേരിട്ട് ആക്രമിക്കാൻ കഴിയാത്തവരുടെ ക്വട്ടേഷൻ ഏറ്റെടുക്കാൻ സന്നദ്ധരായിട്ടുള്ളവരും സ്വകാര്യ ബസ് സർവീസ് മേഖലയിലുണ്ടെന്നാണ് ജീവനക്കാർ തന്നെ നൽകുന്ന സൂചന.
അക്രമം, അമിതവേഗം, അഹങ്കാരം
1. ചില സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെയും ചോദിച്ചാൽ ഗുണ്ടായിസം കാട്ടിയുമാണ് സർവീസ്
2. നിയമം ബാധകമല്ലെന്ന രീതിയിലാണ് ചില ജീവനക്കാരുടെ പെരുമാറ്റം
3. ഒരാഴ്ച മുമ്പ് ശക്തികുളങ്ങരയിൽ ബസ് മാനേജരെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം
4. ക്വട്ടേഷൻ സ്വീകരിച്ചത് 10,000 രൂപയ്ക്ക്
5. ബസ് സ്റ്റോപ്പിൽ നിറുത്താത്തത് ചോദ്യം ചെയ്യുന്നവർക്ക് നേരെയും അക്രമം
6. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് പുല്ലുവില
7. പിഴയീടാക്കിയ വെഹിക്കിൾ ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്
8. ഒരുമാസത്തിനിടെ ജില്ലയിൽ സ്വകാര്യ ബസിടിച്ച് മരിച്ചത് മൂന്നുപേർ
കെ.എസ്.ആർ.ടി.സിയെയും വിടില്ല
ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പടക്കമുള്ള കെ.എസ്.ആർ.ടി.സി ബസുകളെ കടത്തിവിടാതെ റോഡിൽ ഗതാഗത കുരുക്കുണ്ടാക്കുന്നതും സ്വകാര്യന്മാരുടെ ശീലമാണ്. കഴിഞ്ഞദിവസം രാവിലെ 9.30 ഓടെ പെരുമണിൽ നിന്ന് കൊല്ലത്തേക്കുള്ള സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസ് മറികടന്നുപോകാതിരിക്കാൻ കാട്ടിയ അഭ്യാസ പ്രകടനത്തിനിടെ ഇരുചക്രവാഹന യാത്രക്കാരിയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏകദേശം 4 കിലോമീറ്ററോളം ദൂരം ഒരു വാഹനം പോലും കടന്നുപോകാത്ത വിധം ഗതാഗത കുരുക്കുണ്ടാക്കി. യുവാക്കൾ ബസ് തടഞ്ഞിട്ടാണ് മറ്റുള്ളവർക്ക് വഴിയൊരുക്കിയത്.
""
ഉപജീവനത്തിനായി വർഷങ്ങളായി ഡ്രൈവർ, കണ്ടക്ടർ ജോലികൾ ചെയ്തുവരുന്നവരാണ് ഭൂരിപക്ഷവും. അടുത്തിടെ ക്രിമിനൽ കേസുകളിൽ പ്രതിയായവരും മേഖലയിൽ കയറിക്കൂടി. ഇവരാണ് ആക്രമണങ്ങൾക്ക് പിന്നിൽ.
സ്വകാര്യ ബസ് തൊഴിലാളികൾ