
കീവ്: നാല് ദിവസമായി തുടരുന്ന റഷ്യൻ സേനാ ആക്രമണത്തിൽ തകരാറിലായ യുക്രെയിനിലെ ഇന്റർനെറ്റ് സംവിധാനം തിരികെകൊണ്ടുവരാൻ കൈത്താങ്ങുമായി ഇലോൺ മസ്‌ക്. സ്‌പേസ്‌എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാന്റ് സേവനമായ സ്‌റ്റാർലിങ്ക് യുക്രെയിനിൽ ലഭ്യമാണെന്ന് മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചു. കൂടുതൽ ടെർമിനലുകൾ സ്ഥാപിക്കുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.
റഷ്യ-യുക്രെയിൻ ഏറ്റുമുട്ടൽ ശക്തമായ യുക്രെയിനിലെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് ഇന്റർനെറ്റ് സംവിധാനം കൂടുതൽ തകരാറിലായത്. രാജ്യത്തെ ഉപ പ്രധാനമന്ത്രിയും ഇന്റർനെറ്റ് സേവനങ്ങളുടെ ചുമതലയുളള മന്ത്രിയുമായ മിഖായിലോ ഫെഡൊറോവ് നേരിട്ട് ട്വിറ്ററിലൂടെ മസ്‌കിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്‌റ്റാർലിങ്ക് സംവിധാനം യുക്രെയിനിൽ ഉടനടി മസ്‌ക് നൽകിയത്.
രാജ്യമാകെ ഇന്റർനെറ്റ് സംവിധാനം തകർന്നിട്ടില്ല. എന്നാൽ ഏത് നിമിഷം വേണമെങ്കിലും പൂർണമായും ഇന്റർനെറ്റ് തകരാറിലാകാം എന്ന ഭീതി നിലനിൽക്കുന്നുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുളള ബന്ധം നഷ്‌ടമാകുമോ എന്ന ഭയത്തിലാണ് നാട്ടിലെ എല്ലാവരും. റഷ്യ സൈനികനീക്കം ആരംഭിച്ച് 48 മണിക്കൂറിനകം 50,000ത്തോളം യുക്രെയിൻ പൗരന്മാരാണ് പലായനം ചെയ്‌തത്.
യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഓപ്പറേഷൻ ഗംഗാ ദൗത്യം മുന്നേറുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് രക്ഷപ്പെടുന്നതിനായി യുക്രെയിൻ സർക്കാർ സൗജന്യ ട്രെയിൻസർവീസ് തുടങ്ങിയിട്ടുണ്ട്. ആദ്യം എത്തുന്നവർക്ക് ആദ്യം യാത്രചെയ്യാൻ അവസരം എന്ന തരത്തിലാണ് സംവിധാനം.
Starlink service is now active in Ukraine. More terminals en route.— Elon Musk (@elonmusk) February 26, 2022