
ധരംശാല: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് 147 റണ്ണിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റണ്ണെടുത്തു. ഒരു ഘട്ടത്തിൽ ഒൻപത് ഓവറിൽ 29-4 എന്ന നിലയിൽ പരുങ്ങിയിരുന്ന ക്യാപ്ടൻ ദസുൻ ശനക ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. 38 പന്തിൽ 74 റണ്ണെടുത്ത ശനകയ്ക്ക് കാര്യമായ പിന്തുണ മറ്റ് ശ്രീലങ്കൻ താരങ്ങളിൽ നിന്നും ലഭിച്ചിരുന്നില്ല. ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് 27 പന്തിൽ 25 റണ്ണെടുത്ത ദിനേഷ് ചന്ദിമൽ ആയിരുന്നു.
ശ്രീലങ്കൻ മുൻ നിരയിലെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ആവേശ് ഖാൻ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്ത മുഹമ്മദ് സിറാജും ആവേശ് ഖാനും റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ റൺ നിരക്ക് ഉയർത്താനുള്ള തിടുക്കത്തിൽ വമ്പനടിക്ക് മുതിർന്ന ശ്രീലങ്കൻ താരങ്ങൾ വിക്കറ്റുകൾ കളഞ്ഞുകുളിക്കുകയായിരുന്നു.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷനെ ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ എന്നവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്ക് പകരമായി രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്നത്തെ കളിയിൽ അവസരം ലഭിച്ചിട്ടുണ്ട്. ഇഷാൻ കിഷന്റെ അഭാവത്തിൽ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. വാൻഡെർസെും ലിയാനഗെയും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടി ട്വന്റികളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ ഒരു മത്സരം എങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.