
ഹൈദരാബാദ്: അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട്സ് പ്രൈം വോളിബാൾ ലീഗ് ചാമ്പ്യൻമാരായി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 15-13, 15-10, 15-12 എന്ന സ്‌കോറിനാണ് കൊൽക്കത്തയുടെ ജയം. കൊൽക്കത്ത തണ്ടർബോൾട്ട്സിന്റെ വിനീത് കുമാർ കളിയിലെ താരമായി.
ആദ്യ സെറ്റിൽ അഹമ്മദാബാദ് തുടർച്ചയായി പിഴവുകൾ വരുത്തിയപ്പോൾ കൊൽക്കത്ത തണ്ടർബോൾട്ട്സ് 5-3ന് മുന്നിലെത്തി. വിനീത് കുമാർ മികവ് കാട്ടിയതോടെ കൊൽക്കത്ത ആധിപത്യം തുടർന്നു. 10-8ന്റെ ലീഡായി. എന്നാൽ ഷോൺ ടി ജോണിന്റെ സ്‌പൈക്കിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. 13-13ന് ഒപ്പമെത്തി. വിനീത് കുമാറിന്റെ ഉശിരൻ സെർവിലൂടെ ഒന്നാം സെറ്റ് 15-13ന് തണ്ടർബോൾട്ട്സ് നേടി.
വിനീത് കുമാറിനൊപ്പം ക്യാപ്ടൻ അശ്വൽ റായിയും കൊൽക്കത്ത തണ്ടർബോൾട്ട്സിനായി മിന്നിയപ്പോൾ രണ്ടാം സെറ്റിൽ അവർ 9-5ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് രാഹുലിന്റെ ഊഴമായിരുന്നു. സൂപ്പർ പൊയിന്റിന്റെ കൂടി ആനുകൂല്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലാതെ 15-10ന് സെറ്റ് നേടി കളിയിൽ തണ്ടർബോൾട്ട്സ് 2-0ന് മുന്നിലെത്തി.
മൂന്നാം സെറ്റിലും ഉശിരൻ പ്രകടനം തുടർന്ന കൊൽക്കത്ത തണ്ടർബോൾട്ട്സ് 8-5ന് മുന്നിലെത്തി. മനോജ് എൽ.എമ്മിലൂടെ അഹമ്മദാബാദ് കളിയിൽ പിടിച്ചുനിന്നു. എന്നാൽ ഉജ്വല സ്‌പൈക്കുകളിലൂടെ കൊൽക്കത്ത കളംനിറഞ്ഞപ്പോൾ സ്‌കോർ 11-8 എന്ന നിലയിലായി. പിന്നാലെ അധികം വിയർക്കാതെ 15-12ന് മൂന്നാം സെറ്റും ചാമ്പ്യൻഷിപ്പും ഉറപ്പിച്ചു കൊൽക്കത്ത തണ്ടർബോൾട്ട്സ്.
വിനീത് കുമാറാണ് (കൊൽക്കത്ത തണ്ടർബോൾട്ട്സ്) സീസണിലെ മൂല്യമേറിയ താരം (മോസ്റ്റ് വാല്യബ്ൾ പ്ലേയർ). ഹൈദരാബാദ് ബ്ലാക്‌ഹോക്സിന്റെ എസ്.വി ഗുരു പ്രസാദാണ് ഭാവി വാഗ്ദാനം. മികച്ച സ്‌പൈക്കറായി അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ അംഗമുത്തുവും, ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്‌ഹോക്സിന്റെ ഇ.ജെ ജോൺ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ഷോൺ ടി ജോണാണ് (അഹമ്മദാബാദ് ഡിഫൻഡേഴ്സ്) ഫാന്റസി താരം.