india-cricket

മൂന്നാം ട്വന്റി-20യിൽ ആറുവി​ക്കറ്റി​ന് ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ

ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സമ്പൂർണ ട്വന്റി-20 പരമ്പര വിജയം

ശ്രേയസ് അയ്യർക്ക് പരമ്പരയിലെ മൂന്നാം മത്സരത്തിലും അർദ്ധസെഞ്ച്വറി

ധർമ്മശാല : വെസ്റ്റ് ഇൻഡീസിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരെയും മൂന്ന് മത്സര ട്വന്റി-20 പരമ്പരയിൽ സമ്പൂർണ വിജയമാഘോഷിച്ച് ഇന്ത്യ.ഇന്നലെ ലങ്കയ്ക്ക് എതിരായ അവസാന ട്വന്റി-20 മത്സരത്തിൽ ആറു വിക്കറ്റിനായി​രുന്നു ഇന്ത്യൻ വിജയം . രോഹിത് ശർമ്മയുടെ നേതൃത്വത്തിന് കീഴിൽ തുടർച്ചയായ ഒൻപതാം വിജയവും മൂന്നാം പരമ്പരയുമാണി​ത്.

. ഇന്നലെ ധർമ്മശാലയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 146 റൺസടിച്ചപ്പോൾ ഇന്ത്യ നാലുവിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 19 പന്തുകൾ ബാക്കിനിറുത്തി ലക്ഷ്യത്തിലെത്തി. ആദ്യ നാലോവറിൽ 11 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന ലങ്കയെ 38 പന്തുകളിൽ പുറത്താകാതെ 74 റൺസടിച്ചുകൂട്ടിയ നായകൻ ദാസുൻ ഷനകയുടെ പോരാട്ടമാണ് 146ലെത്തിച്ചത്. ദിനേഷ് ചാന്ദിമൽ 22 റൺസ‌ടിച്ചപ്പോൾ 24 റൺസ് ഇന്ത്യ എക്സ്ട്രാസായി നൽകുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് ശ്രേയസ് അയ്യരാണ്. 45 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കം പുറത്താവാതെ 73 റൺസടിച്ച ശ്രേയസ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസുമായി.

ബൗളിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറിൽത്തന്നെ സിറാജ് ധനുഷ ഗുണതിലകെയെ(0) ബൗൾഡാക്കി. ആവേഷ് ഖാൻ രണ്ടാം ഓവറിൽ പാത്തും നിസംഗയെയും (1) നാലാം ഓവറിൽ ചരിത് അസലങ്കയെയും (4) പുറത്താക്കി. ഇതോടെ ലങ്കൻ സ്കോറിംഗ് മന്ദഗതിയിലായി. ഒൻപതാം ഓവറിൽ ലിയനാഗയെ (9) രവി ബിഷ്ണോയ് ബൗൾഡാക്കി.13-ാം ഓവറിൽ ചാന്ദിമലും കൂടാരം കയറിയതോടെ 60/5 എന്ന നിലയിലായ ലങ്കയെ പിന്നീ‌ട് ഒറ്റയാൾ പോരാട്ടത്തിലൂടെ ഷനക തോളിലേറ്റുകയായിരുന്നു. 38 പന്തുകൾ നേരിട്ട ലങ്കൻ ക്യാപ്ടൻ ഒൻപത് ഫോറും രണ്ട് സിക്സുമാണ് പറത്തിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമ്മയെ (5) രണ്ടാം ഓവറിൽത്തന്നെ നഷ്ടമായി. തുടർന്ന് സഞ്ജുവും ശ്രേയസ് അയ്യരും ക്രീസിലൊരുമിച്ചു. കഴിഞ്ഞ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ഇഷാൻ കിഷന് പകരം ഓപ്പണറായാണ് സഞ്ജു ഇന്നലെ കളിച്ചത്. വിക്കറ്റ് കീപ്പറും സഞ്ജുവായിരുന്നു. നന്നായി കളിച്ചുതുടങ്ങിയെങ്കിലും സഞ്ജു 12 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കം 18 റൺസെടുത്ത് കരുണരത്നെയുടെ പന്തിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങി. തുടർന്നിറങ്ങിയ ദീപക് ഹൂഡയും (21) വെങ്കിടേഷ് അയ്യരും (5) പുറത്തായെങ്കിലും ശ്രേയസ് പോരാട്ടം തുടർന്നത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ രണ്ട് ടെസ്റ്റുകൾ കളിക്കും.