
യുക്രെയിനെതിരെ റഷ്യ ആക്രമണം കടുപ്പിക്കുമ്പോൾ വ്ലാഡിമിർ പുട്ടിനെതിരെ സൈനിക നടപടിക്കില്ലെങ്കിലും ഉപരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അമേരിക്കയും യുക്രെയിൻ അനുകൂല രാജ്യങ്ങളും. പുട്ടിന്റെ വിദേശത്തുള്ള വ്യക്തിപരമായ ആസ്‌തികളും മരവിപ്പിക്കാനാണ് നീക്കം. എന്നാൽ ലോകത്തെ തന്നെ അതിസമ്പന്നനെന്ന് വിശേഷിപ്പിക്കുന്ന പുട്ടിനെ ഇത് എത്രത്തോളം ബാധിക്കുമെന്ന കണക്കെടുപ്പിലാണ് നയതന്ത്ര വിദഗ്ദ്ധർ. ഈ സ്വത്തുക്കളുടെ കൂട്ടത്തിൽ റഷ്യയിലെ പ്രതിപക്ഷം നേരത്തെ പുറത്തുവിട്ട പുട്ടിന്റെ കൊട്ടാര സദൃശ്യമായ രഹസ്യ ബംഗ്ലാവും ഉണ്ട്. പുടിൻ കരിങ്കടൽത്തീരത്ത് അതീവരഹസ്യമായി പണികഴിപ്പിച്ചതെന്ന് കരുതുന്ന കൊട്ടാര സദൃശ്യമായ വസതിയുടെ അഞ്ഞൂറോളം ചിത്രങ്ങളാണ് പ്രതിപക്ഷം മുൻപ് പുറത്തുവിട്ടത്. ഇപ്പോൾ ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നാവൽനിയുടെ അനുകൂലികളാണ് ഇത്രയും ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നിൽ

130 കോടി യു.എസ് ഡോളർ ചെലവഴിച്ചാണ് 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരങ്ങളെ അനുസ്മരിക്കുന്ന പുറംമോടി, കമനീയമായ കിടപ്പുമുറികൾ, പോൾ ഡാൻസിംഗ് എന്ന അർധനഗ്ന നൃത്തം നടത്തുന്നതിനായുള്ള പ്രത്യേക വേദി, വിലകൂടിയ ടൈലുകളും സിറാമിക് സാമഗ്രികളും അലങ്കരിക്കുന്ന ടോയ്‌ലെറ്റുകൾ, തിയേറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ തുടങ്ങിയവ ഈ ബംഗ്ലാവിലുണ്ട്.
അലക്സി നാവൽനിയുടെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഈ ഗൃഹത്തിന്റെ പേരിൽ വൻതോതിൽ അഴിമതി നടന്നതായി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. കരിങ്കടൽ തീരത്തെ ഗെലെൻഡ്സിക്കിനു സമീപമുള്ള ഈ നിർമിതിക്കായി പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻ അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പുടിനും റഷ്യൻ സർക്കാരും അന്ന് നിഷേധിച്ചു.
