
കീവ്: റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രെയിൻ വെളിപ്പെടുത്തി. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്. ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ, സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ സ്ഥിരീകരിച്ചു.
യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെയിന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ പറഞ്ഞിരുന്നു. . റഷ്യന്‍ സൈന്യത്തിന്റെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തെന്നും യുക്രെയിൻ മന്ത്രി അവകാശപ്പെട്ടു.
അതേസമയം യുക്രെയിന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ അറിയിച്ചിട്ടുണ്ട്. ബെലാറൂസിന് മേലും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാദ്ധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്. അതേസമയം, റഷ്യയും യുക്രെയിനും ബെലാറൂസിൽ സമാധാന ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.