
ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലുള്ളവർക്കാണ് മുൻഗണന നൽകുന്നത്. റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം വൈകും. ഇന്ന് ഹംഗറിയിലേക്കും റൊമേനിയിലേക്കും ഓരോ വിമാനങ്ങൾ കൂടി അയക്കും.
അതിർത്തിയിലെത്താൻ പോളണ്ടിലെ ഇന്ത്യൻ എംബസി ബസുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ബസുകളാണ് യുക്രെയിനിലെ ഷെഅയ് മേഖലയിൽ നിന്ന് ഒരുക്കിയത്. മൂന്ന് ദിവസത്തിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. ഇൻഡിഗോ വിമാനങ്ങളും മിഷന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
അതേസമയം കിഴക്കൻ യുക്രെയിനില്‍ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് യുക്രെയിനിൽ നിന്ന് കണ്ണൂരിൽ തിരിച്ചെത്തിയ എം ബി ബി എസ് വിദ്യാർത്ഥിനി ഫസ്ന വ്യക്തമാക്കി. ഇവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പെൺകുട്ടി പറയുന്നു. യുക്രെയിനിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.