
ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ടുവരാൻ കേരള ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് രണ്ട് കാറുകൾ. മലയാളികളെ സ്വീകരിക്കാൻ കേരളഹൗസ് പൂർണസജ്ജമാണെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് യുക്രെയിനിൽ നിന്നുള്ള വിമാനം ഡൽഹിയിലിറങ്ങിയത്. സ്വീകരിക്കാനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കർണാടകയുമൊക്കെ വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്‌കും തുറന്നു.
മൂന്നുമണി കഴിഞ്ഞാണ് കേരള ഹൗസ് പ്രതിനിധികൾ വിമാനത്താവളത്തിലെത്തിയത്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് രണ്ട് കാറുകളും കൊണ്ടുവന്നു. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായിട്ടാണ് യുപി എത്തിയത്.
മുപ്പതുപേരിൽ 16 പേരെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാൻ തീരുമാനമായതോടെ, 14 വിദ്യാർത്ഥികളെ രണ്ടുകാറുകളിലെത്തിക്കാൻ കേരള ഹൗസ് അധികൃതർക്ക് സാധിച്ചു. രണ്ടു കാറുകളിലായി വലിയ ബാഗുകൾക്കൊപ്പം 12 പേരെ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. തുടർന്ന് ബാക്കി രണ്ട് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
അതേസമയം റൊമേനിയയിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. 12 മലയാളികളടക്കം 249 ഇന്ത്യക്കാരാണ് സംഘത്തിലുള്ളത്. ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി.