
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് വരുന്നെന്ന അഭ്യൂഹം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിലേക്ക് വരുന്നില്ലെന്നും മന്ത്രിസഭാ പുനസംഘടന അജണ്ടയിലില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പി ജെ ജോസഫിന്റെ മുന്നണി പ്രവേശന സാദ്ധ്യത കോടിയേരി തള്ളി. പുതിയ കക്ഷികളെ എൽ ഡി എഫിൽ എത്തിക്കാൻ ചർച്ചകളില്ലെന്നും, കൂടുതൽ കക്ഷികളെ പാർട്ടിയിൽ ചേർക്കുന്നതിനല്ല ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ വ്യക്തി പൂജ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകൾ പാർട്ടിയുടേതല്ലെന്നും വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ 75 വയസ് പ്രായപരിധി കർശനമാക്കുമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സമ്മേളനത്തിൽ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചർച്ച നടത്തുമെന്നും കോടിയേരി അറിയിച്ചു.