
കീവ്: തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. പല യുക്രെയിൻ നഗരങ്ങളെയും റഷ്യൻ സേന വളഞ്ഞുകഴിഞ്ഞു. വിമാനത്താവളങ്ങൾക്ക് സമീപം സ്ഫോടനങ്ങളും നടക്കുകയാണ്. സഞ്ചാര മാർഗങ്ങളെല്ലാം അടഞ്ഞതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നത് അസാദ്ധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്.
തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശി അലൻ ബെന്നിയും ഭാര്യ ഷെലോമിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഖാർകിവിൽ കുടുങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ അടച്ചതിനാൽ അവിടെ നിന്നും രക്ഷപ്പെടാനോ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനോ കഴിയുന്നില്ലെന്നാണ് അലൻ പറയുന്നത്. വെറും 80കിലോമീറ്റർ സഞ്ചരിച്ചാൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോഡ് വിമാനത്താവളത്തിൽ എത്തി നാട്ടിലേയ്ക്ക് മടങ്ങാം. എന്നാൽ അവിടേയ്ക്കെത്താൻ ട്രെയിനോ ബസോ മറ്റ് വാഹനങ്ങളോ ലഭിക്കുന്നില്ല.
Allan Benny, an Indian residing in Kharkiv, requested @MEAIndia and @CMOKerala to arrange travel to the nearest Russian airport, which is 120 km from the east #Ukraine city.
— News9 (@News9Tweets) February 26, 2022
Watch the full video and follow LIVE updates on #UkraineRussiaConflict here: https://t.co/ngURGgcjMl pic.twitter.com/enhvQjBOvB
'പോളണ്ടിലേയ്ക്കോ മറ്റ് രാജ്യങ്ങളുടെയോ അതിർത്തി എത്തണമെങ്കിൽ ആയിരം കിലോമീറ്ററോളം സഞ്ചരിക്കണം. അത് സുരക്ഷിതവുമല്ല. ഇന്ത്യൻ സർക്കാരിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിക്കുകയാണ്. ആയിരത്തോളം മലയാളി വിദ്യാർത്ഥികളും അവിടെ കുടുങ്ങിക്കിടക്കുകയാണ്. യുക്രെയിൻ-റഷ്യൻ സർക്കാരുകളുമായി ചർച്ച ചെയ്ത് ഇതിനൊരു പരിഹാരം കാണണം. വിമാനത്താവളത്തിലെത്താൻ ബസോ മറ്റ് സൗകര്യങ്ങളോ ഒരുക്കിത്തരണം. അതിർത്തി കടന്നാൽ ഞങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം.'- അലൻ പറയുന്നു.
അതേസമയം യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളികളടക്കം 1157 ഇന്ത്യാക്കാരെയാണ് ഇതുവരെ നാട്ടിലേയ്ക്ക് തിരിച്ചെത്തിച്ചത്.