
കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തപ്പെടുകയാണ്. പ്രകടനവും പൊതുസമ്മേളനവും ഉണ്ടാവില്ല. പ്രതിനിധി സമ്മേളനം ഏതെങ്കിലും ഓഡിറ്റോറിയത്തിലല്ല, മറൈൻഡ്രൈവിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് നടത്തുക. സമ്മേളനത്തിന് മുന്നോടിയായി നഗരവും പ്രാന്തപ്രദേശങ്ങളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. എങ്ങും ചുവന്ന കൊടികൾ, കമാനങ്ങൾ, തോരണങ്ങൾ. കൂടാതെ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളുടെ നിരവധി ചിത്രങ്ങൾ. അക്കൂട്ടത്തിൽ കാറൽ മാർക്സും ഫെഡറിക് ഏംഗൽസും വ്ളാഡിമർ ലെനിനും ജോസഫ് സ്റ്റാലിനും മാവോസേതൂങും ഫിഡിൽ കാസ്ട്രോയും ഏണസ്റ്റോ ചെഗുവേരയും ഹ്യൂഗോ ഷാവേസും അന്റോണിയോ ഗ്രാംഷിയും റോസ ലക്സംബർഗും ഹോചിമിനും ഉണ്ട്. പാർട്ടിയുടെ ദേശീയ നേതാക്കളായ ഇ.എം.എസ്, എ.കെ.ജി, പി. സുന്ദരയ്യ, എം. ബസവ പുന്നയ്യ, ബി.ടി. രണദിവെ, ജ്യോതിബസു, ഹർകിഷൻ സിംഗ് സുർജിത്, ക്യാപ്ടൻ ലക്ഷ്മി, അഹല്യ രംഗനേക്കർ എന്നിവരെയും കാണാം. സംസ്ഥാനതല നേതാക്കളുടെ കൂട്ടത്തിൽ സി.എച്ച് കണാരനും സുശീല ഗോപാലനും ഇ.കെ. നായനാരും അഴീക്കോടൻ രാഘവനും ചടയൻ ഗോവിന്ദനും ഇ. ബാലാനന്ദനും ടി.കെ. രാമകൃഷ്ണനും എ.പി. വർക്കിയുമുണ്ട്. എന്നാൽ പാർട്ടി പുറത്താക്കുകയും മരണാനന്തരം തിരിച്ചെടുക്കുകയും ചെയ്ത കെ.ആർ. ഗൗരിയമ്മയെയും എം.വി. രാഘവനെയും ഉൾപ്പെടുത്തിയിട്ടില്ല. നവോത്ഥാന നായകരെയും പാർട്ടി മറന്നിട്ടില്ല. ശ്രീനാരായണ ഗുരുദേവനും പണ്ഡിറ്റ് കറുപ്പനും സഹോദരൻ അയ്യപ്പനും ചട്ടമ്പി സ്വാമികളുമൊക്കെ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
ജീവിച്ചിരിക്കുന്ന നേതാക്കളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് പ്രഥമ പരിഗണന. സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവർക്കും മോശമല്ലാത്ത പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിലെങ്ങും സഖാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രം കാണില്ല. കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും എമ്പാടും തിരഞ്ഞിട്ടും വി.എസിന്റെ ചിത്രം ഒരിടത്തും കണ്ടില്ല. അന്വേഷിച്ചപ്പോൾ, മരിച്ചുപോയവരെയും നിലവിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കുന്നവരെയും മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നാണ് സ്വാഗത സംഘത്തിൽ നിന്ന് ലഭിച്ച മറുപടി. അതാണ് മാനദണ്ഡമെങ്കിൽ വി.എസിന്റെ ചിത്രം ഉൾപ്പെടില്ല. അദ്ദേഹം രോഗാതുരനാണ്, എങ്കിലും ജീവിച്ചിരിക്കുന്നുണ്ട്. മുമ്പ് വളരെക്കാലം പൊളിറ്റ് ബ്യൂറോയിൽ അംഗമായിരുന്നു. പക്ഷേ നിലവിൽ പൊളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ ഇല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പ്രദർശനയോഗ്യമല്ല.
സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടുന്ന വ്യക്തിത്വമാണോ സഖാവ് വി.എസ്. അച്യുതാനന്ദൻ ? ഒരിക്കലുമല്ല എന്നാണ് ഉത്തരം. അദ്ദേഹം തിരുവിതാംകൂറിൽ രാജവാഴ്ചയും ദിവാൻഭരണവും കൊടികുത്തിവാണ കാലത്ത് ചെങ്കൊടിപിടിച്ച് കമ്മ്യൂണിസ്റ്റായ ആളാണ്. ആലപ്പുഴയിലെ കയർ തൊഴിലാളികളെയും കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ചു. 1957 ൽ ആലപ്പുഴ ജില്ല രൂപീകൃതമായപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായി. 1958 ൽ നിർണായകമായ ദേവികുളം ഉപതിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചു. 1964 ൽ പാർട്ടി പിളർന്നപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു. അവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ് ആണ്. 1967 ലും 70 ലും അമ്പലപ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1980 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. എം.വി. രാഘവനും പുത്തലത്ത് നാരായണനും പി.വി. കുഞ്ഞിക്കണ്ണനും ഇ.കെ. നായനാരുടെയും ഇ.കെ. ഇമ്പിച്ചിബാവയുടെയും ഒത്താശയോടെ ബദൽ രേഖ അവതരിപ്പിച്ച് പാർട്ടി അച്ചടക്കത്തെ വെല്ലുവിളിച്ചപ്പോൾ സംഘടനയെ ഒന്നിച്ചു നിറുത്തിയത് അച്യുതാനന്ദന്റെ വൈഭവമായിരുന്നു. 12 കൊല്ലം സംസ്ഥാന സെക്രട്ടറിയായി തുടർന്നു. പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോൾ പ്രക്ഷോഭങ്ങൾക്ക് നടുനായകത്വം വഹിച്ചു ; ഭരണത്തിലിരുന്നപ്പോൾ മന്ത്രിസഭയെ ഫലപ്രദമായി നിയന്ത്രിച്ചു. 1992 ൽ അച്യുതാനന്ദൻ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവായി. കേരള ചരിത്രത്തിൽ ഏറ്റവും അധികകാലം പ്രതിപക്ഷ നേതാവായിരുന്നയാൾ വി.എസ് ആണ് - 14 കൊല്ലം. കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. 2001 - 2006 കാലത്ത് വി.എസ് നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി ബഹുജന പ്രശ്നങ്ങൾ ഉന്നയിച്ചു. വലിയ ജനപിന്തുണയും മാദ്ധ്യമ ശ്രദ്ധയും നേടിയെടുത്തു. ഒരുകാലത്ത് മുരടൻ കമ്മ്യൂണിസ്റ്റ് നേതാവെന്ന് പരിഹസിച്ചവർ തന്നെ അദ്ദേഹത്തെ വലിയ ജനനായകനായി അംഗീകരിച്ചു. വി.എസ് എന്ന രണ്ടക്ഷരം സകലവിധ അനീതികൾക്കുമെതിരായ പോരാട്ടത്തിന്റെ പര്യായപദമായി മാറി.
കപ്പിനും ചുണ്ടിനുമിടയിൽ പലതവണ തട്ടിത്തെറിപ്പിക്കപ്പെട്ട മുഖ്യമന്ത്രിപദം 2006 ൽ വി.എസിനെ തേടിയെത്തി. അദ്ദേഹത്തിന്റെ അനിതരസാധാരണമായ ജനപ്രീതിയാണ് പാർട്ടിക്കും മുന്നണിക്കും തുണയായത്. എതിർമുന്നണിയിൽ നിന്നുള്ളതിനെക്കാൾ എതിർപ്പ് അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽനിന്ന് നേരിടേണ്ടി വന്നു. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചശേഷമാണ് അദ്ദേഹത്തിന് മത്സരിക്കാൻ സീറ്റ് നൽകിയതു തന്നെ. അപ്രതിരോധ്യമായ ജനമുന്നേറ്റത്തിന് മുന്നിൽ പൊളിറ്റ് ബ്യൂറോയ്ക്ക് തീരുമാനം തിരുത്തേണ്ടി വന്നു. അങ്ങനെ വി.എസ് പാർട്ടിയുടെ മാത്രമല്ല, നാടിന്റെയും നായകനായി തീർന്നു. മുമ്പ് ഒരു പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവപരിചയം പോലും ഉണ്ടായിരുന്നില്ല വി.എസിന്. എങ്കിലും അദ്ദേഹം പ്രഗത്ഭനായ ഭരണാധികാരിയെന്ന് പേരെടുത്തു.
അഴിമതിയുടെ നിഴലെങ്കിലും ഏശാത്തതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഭരണത്തിൽ പാർട്ടി നേതൃത്വം പലവിധ ഇടങ്കോലിട്ടിട്ടുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2011 ലും പാർട്ടി സീറ്റ് നിഷേധിച്ചു; സഖാക്കൾ സമരം ചെയ്ത് തീരുമാനം തിരുത്തിച്ചു. ഭരണത്തുടർച്ചയുടെ വക്കോളം എത്തിയെങ്കിലും നേരിയ വ്യത്യാസത്തിൽ അതു നഷ്ടമാവുകയാണ് ഉണ്ടായത്. 2016 ലും മുന്നണിയെ വിജയത്തിലേക്ക് നയിച്ചതിൽ വി.എസിന് വലിയ പങ്കുണ്ടായിരുന്നു. തീക്കുന്തം വെയിലത്ത് തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ തടിച്ചു കൂടി. ആ ആൾക്കൂട്ടം വോട്ടായി മാറി. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ വി.എസിന് പ്രായം ഏറിപ്പോയെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം കണ്ടുപിടിച്ചു. അങ്ങനെ അദ്ദേഹത്തെ വെറും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനാക്കി മൂലയ്ക്കിരുത്തി. കമ്മിഷനിലെ ഔദ്യോഗിക കാലാവധി പൂർത്തീകരിക്കുന്നതിന് മുമ്പ് വി.എസിന് മസ്തിഷ്കാഘാതമുണ്ടായി. അദ്ദേഹത്തിന്റെ ചലനശേഷി പരിമിതമായി. സംസാരശേഷി മിക്കവാറും നഷ്ടപ്പെട്ടു. എറണാകുളം സംസ്ഥാന സമ്മേളനത്തിൽ തന്റെ ചിത്രം ഒഴിവാക്കിയ കാര്യം ആ വിപ്ളവകാരി അറിയുന്നുണ്ടാവില്ല. ഇനി അറിഞ്ഞാലും വിശേഷമൊന്നുമില്ല.
പാർട്ടിയിലെ പുതുതലമുറക്കാർക്ക് വി.എസ് പഴയ കട്ടൻചായ - പരിപ്പുവട കാലത്തിന്റെ ഒരു പ്രതിനിധിയോ വാരിക്കുന്തമെടുത്ത് വിപ്ളവത്തിനൊരുങ്ങിയ സ്വപ്നജീവിയോ മാത്രമായിരിക്കും. കുന്തക്കാരൻ പത്രോസിനെയും കെ.ആർ. ഗൗരിഅമ്മയെയും പുറത്താക്കിയിട്ട് പാർട്ടിക്ക് ക്ഷതമൊന്നുമേറ്റില്ല. പിന്നെയാണോ അച്യുതാനന്ദൻ എന്ന് അവർക്ക് സമാധാനിക്കാം. ആരോഗ്യമുള്ളകാലത്ത് അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഏറെ നേതാക്കളുണ്ട് ഇപ്പോഴും. സമ്മേളന വേദിയിലെ ചിത്രങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിഞ്ഞെന്ന് അവർക്ക് സമാശ്വസിക്കാം.