
ന്യൂഡൽഹി: റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രെയിന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കാനായി ഇന്നുചേരുന്ന യു എൻ പൊതുസഭയിലും നിഷ്പക്ഷ നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുക. നേരത്തേ ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നും ഇന്ത്യ തങ്ങളുടെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം ചൈന, യു എ ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ത്യയുടെ നടപടിയെ റഷ്യ സ്വാഗതം ചെയ്തിരുന്നു. അന്ന് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെക്കുറിച്ച് പല കാരണങ്ങളും പ്രചരിച്ചെങ്കിലും ഔദ്യോഗികമായ ഒരു വിശദീകരണവും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് തങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന കാര്യം വിശദമാക്കിയിരിക്കുകയാണ് ഇന്ത്യ.
റഷ്യയെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. യുക്രെയിനിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിൽ വലിയ അസ്വസ്ഥതയുണ്ട്.കൗൺസിൽ ഈ വിഷയത്തിൽ അവസാനമായി വിളിച്ചുകൂട്ടിയതിന് ശേഷം യുക്രെയിനിലെ സ്ഥിതി കൂടുതൽ വഷളായത് ഖേദകരമാണ്.അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവൻ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎൻ ചട്ടങ്ങൾ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചർച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ചർച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണങ്ങൾ കൊണ്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.
വർഷങ്ങളായി റഷ്യയും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. അടുത്തിടെ ചില വമ്പൻ ആയുധ കരാറുകളിലും ഇരുരാജ്യങ്ങളും ഏർപ്പെട്ടിട്ടുണ്ട്. ഈ കരാറുകളും വോട്ടെടുപ്പിൽ വിട്ടുനിൽക്കാൻ ഇന്ത്യയ്ക്ക് പ്രേരണയായി എന്നാണ് നേരത്തേയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. അതിർത്തിയിൽ ചൈന കടന്നുകയറ്റം നടത്തിയപ്പോൾ അമേരിക്കയേക്കാൾ ഇന്ത്യയോട് അനുഭവപൂർണമായ നിലപാടുകൾ സ്വീകരിച്ചത് റഷ്യയാണ്. കാശ്മീരിലും ഇന്ത്യയുടെ നയത്തിന് റഷ്യയുടെ പിന്തുണ ഉണ്ടായിരുന്നു.
റഷ്യക്കെതിരായി വോട്ടുചെയ്തില്ലെങ്കിലും അക്രമത്തെ ന്യായീകരിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. യുക്രെയിൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു.