
ന്യൂഡൽഹി: റഷ്യൻ അധിനിവേശം ആരംഭിച്ച് അഞ്ചാം ദിവസം പിന്നിടുമ്പോൾ പുതിയ ആക്രമണ മാർഗങ്ങൾ പുറത്തെടുക്കാനൊരുങ്ങുകയാണ് റഷ്യ. സേനയ്ക്ക് യുക്രെയിനിലേക്ക് കൂടുതൽ കടന്നുകയറാൻ അവസരമൊരുക്കുന്നതിനായി വ്യോമാക്രമണങ്ങൾക്കായിരുന്നു ഇതുവരെ റഷ്യ മുൻതൂക്കം നൽകിയിരുന്നത്. എന്നാലിപ്പോൾ ചുവടൊന്ന് മാറ്റിപ്പിടിക്കാനുള്ള നിർദേശമാണ് പുടിൻ സേനയ്ക്ക് നൽകിയിരിക്കുന്നത്. അടുത്ത പടിയായി വൻതോതിൽ കവചങ്ങൾ ഒരുക്കുന്നതിനായി ആധുനിക ടാങ്കുകൾ യുക്രെയിനിലേക്ക് കൂടുതലായി എത്തിക്കുകയാണ് റഷ്യ.

യുക്രെയിൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ ടാങ്കുകൾ നീങ്ങുന്നതായുള്ള വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തങ്ങളുടെ രാജ്യത്തേക്ക് ശത്രുക്കൾ കടക്കുന്നത് തടയുന്നതിനായി യുക്രെയിൻ നിവാസികൾ റോഡുകളിൽ പ്രതിരോധം തീർക്കുന്ന ദൃശ്യങ്ങളും നിരവധിയായി പ്രചരിക്കുന്നു. മിസൈൽ ആക്രമണങ്ങൾക്കും ഷെല്ലാക്രമണങ്ങൾക്കും പിന്നാലെ ഭീമൻ ടാങ്കുകൾ എത്തിച്ച് യുക്രെയിൻ സേനയെ തകർക്കാന് റഷ്യയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയുടെ പക്കൽ 12,000 ടാങ്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യുക്രെയിനിന്റെ പക്കലുള്ളത് 2500ഉം. സേനയെ ആക്രമണ സ്ഥാനങ്ങളിൽ എത്തിക്കാനുള്ള കവചിത വാഹനങ്ങളും റഷ്യയുടെ മറ്റൊരു ശക്തിയാണ്. റോക്കറ്റുകൾ വിക്ഷേപിക്കാൻ കെൽപ്പുള്ള ടി-72 ടാങ്കുകളും യുക്രെയിനിനെതിരെ കടുത്ത ഭീഷണിയുയർത്തുന്നു. ആളുകളെ ശ്വാസം മുട്ടിച്ച് കൂട്ടകൊലയിലേക്ക് നയിക്കുന്ന മാരകമായ തെർമോബാറിക് റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുന്നവയാണ് ഇത്തരം ടാങ്കുകൾ.
The russian army has deployed the TOS-1 heavy flamethrower which shoots thermobaric rockets, the was South of Belgorod. pic.twitter.com/XCxMI3bNB3
— Frederik Pleitgen (@fpleitgenCNN) February 26, 2022

റഷ്യ ശീതകാലയുദ്ധം മുതൽക്ക് തന്നെ ശത്രുക്കൾക്കെതിരെ പ്രയോഗിക്കുന്ന ടി-90, ടി-72 ടാങ്കുകൾക്ക് പുറമേ ഇവയുടെ ആധുനിക രൂപമായ ടി-14 അർമാറ്റ സ്റ്റെൽത്ത് ടാങ്കുകളും വൻ ഭീഷണി ഉയർത്തുന്നു. എന്നാലിവയുടെ എണ്ണം കുറവാണെന്നതിൽ യുക്രെയിനിന് അൽപ്പമെങ്കിലും ആശ്വസിക്കാം. ഏകദേശം 20 ടി-14 ടാങ്കുകൾ റഷ്യയുടെ പക്കലുണ്ടെന്നാണ് വിവരം. ടാങ്കിനുള്ളിൽ പട്ടാളക്കാരെ സംരക്ഷിച്ചുകൊണ്ടുതന്നെ വെടിവയ്പ്പ് നടത്താനാകുമെന്നാണ് ഇത്തരം ബ്രാൻഡ് ന്യൂ ടാങ്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ടി-14 അർമാറ്റ സ്റ്റെൽത്ത് ടാങ്കുകൾ മറ്റുള്ളവയേക്കാൾ വേഗമേറിയതും കൈകാര്യം ചെയ്യാൻ കൂടുതൽ മികച്ചവയുമാണ്. യുക്രെയിൻ സേനയ്ക്ക് വലിയ പ്രതിസന്ധി തന്നെ തീർക്കാൻ കഴിവുള്ളവയാണ് ഇത്തരം ഭാരം കുറഞ്ഞ ടാങ്കുകൾ. ഇതിന് പുറമേ നവീകരിച്ച ടി-90 ടാങ്കുകളും റഷ്യ അധികമായി ഇറക്കുമതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.