kodiyeri-balakrishnan

ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കമാകുന്നു. സമ്മേളനം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെയും അജൻഡകളെയും പറ്റി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരളകൗമുദിയോട്:

സംസ്ഥാന സമ്മേളനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ദൗത്യം?

പാർട്ടിയുടെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കുക, അതുവഴി ഇടതു മുന്നണിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുക. അതാണ് പ്രധാന സന്ദേശം. അതോടൊപ്പം ഭാവികേരള വികസനത്തിനായുള്ള കർമ്മപദ്ധതി പാർട്ടി ആവിഷ്കരിക്കും. നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള പാർട്ടി കാഴ്ചപ്പാട് അതാണ്. അത് വിശദീകരിക്കുന്ന ഒരു രേഖ കൂടി പ്രവർത്തന റിപ്പോർട്ടിനു പുറമേ ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. അത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും നടുവിലാണ് ഇടതുമുന്നണിയുടെ തിളക്കമാർന്ന തുടർവിജയം. ജനങ്ങളുടെ പ്രതീക്ഷ വലുതാണ്. ആ പ്രതീക്ഷ ചുമതലാഭാരം കൂട്ടുന്നുണ്ടോ?

ഭരണം ജനങ്ങൾക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. അതിനൊത്തുയർന്ന് സർക്കാർ പ്രവർത്തിക്കും. പാർട്ടിയും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കും. അതൊരു ഭാരമാകുന്നതെങ്ങനെ!

കെ- റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിമർശനങ്ങൾക്കപ്പുറത്തേക്കുള്ള ആശങ്കകൾ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ പങ്കുവയ്ക്കുന്നുണ്ട്. അതിനെ ശരിയായി അഡ്രസ്സ് ചെയ്യാനായോ?

കെ- റെയിൽ കേരളത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. അത് തടസ്സപ്പെടുത്താൻ പല രൂപത്തിൽ ആളുകൾ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയോദ്ദേശ്യത്തോടെ ശ്രമിക്കുന്നവരുണ്ട്. ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പരിസ്ഥിതിപ്രശ്നങ്ങളൊക്കെ ഉന്നയിക്കുന്നവരുണ്ട്. അവരുടെ ആശങ്കകളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കത്തക്ക വിധത്തിലുള്ള എല്ലാ വാദഗതികളും സി.പി.എമ്മിന്റേതായി പുറത്തു വന്നുകഴിഞ്ഞു. ആ കാര്യങ്ങൾ വീടുവീടാന്തരം കയറി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. പദ്ധതിക്കു പിന്നിൽ ജനങ്ങളെ അണിനിരത്തി അത് നടപ്പാക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

രണ്ട് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയമുണ്ടായെങ്കിലും കേരളത്തിൽ 50 ശതമാനം ജനങ്ങളുടെ പിന്തുണ ഇനിയും ആർജ്ജിക്കാനായിട്ടില്ലെന്ന സ്വയം വിലയിരുത്തൽ സി.പി.എം നടത്തുന്നുണ്ട്. അതു മുന്നിൽക്കണ്ട് മുന്നണി വിപുലീകരണമടക്കമുള്ള വഴികളിലേക്ക് ആലോചനയുണ്ടോ?

കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി പാർട്ടി ഇനിയും വളർന്നിട്ടില്ല. ഈ ദൗർബല്യം പരിഹരിക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനായി വർഗസംഘടനകൾ കെട്ടിപ്പടുക്കുക,​ ബഹുജന സംഘടനകൾ ശക്തിപ്പെടുത്തുക,​ അസംഘടിത വിഭാഗങ്ങളെ സംഘടിപ്പിക്കുക. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുക,​ അവശത അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുക,​ പരമദരിദ്രരുടെ കാര്യത്തിൽ പ്രഥമപരിഗണന കൊടുക്കുക... പാർട്ടി ഇത്തരം വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കണം.

വർഗീയശക്തികളുടെ വലതുപക്ഷവത്കരണം ചെറുക്കാൻ ആവശ്യമായ ശക്തമായ ആശയപ്രചരണം നടത്തണം. പ്രത്യേകിച്ച്,​ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വലതുപക്ഷ ശക്തികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആരാധനാലയങ്ങളെ വർഗീയശക്തികളിൽ നിന്ന് മോചിപ്പിക്കുക എന്നതിൽ ജനങ്ങളുടെ ഇടപെടലുണ്ടാകണം. അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കൽ, മയക്കുമരുന്ന് ഉപയോഗം വർദ്ധിപ്പിക്കൽ എന്നിങ്ങനെ വിവിധ തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിൽ നിന്നെല്ലാം ജനങ്ങളെ മോചിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. അതിനുള്ള വ്യക്തമായ രൂപം ഈ സമ്മേളനം ആവിഷ്കരിക്കും.

തുടർവിജയത്തിനിടയിലും മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ പാർട്ടിക്ക് ഇപ്പോഴും സ്വാധീനക്കുറവുണ്ട്...

പുതിയ ഘടകകക്ഷികൾ വന്നതിന്റെ ഫലമായി മദ്ധ്യകേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടതുപക്ഷത്തിന് മുൻകൈ ലഭിച്ചിട്ടുണ്ട്. എറണാകുളം പക്ഷേ ഇപ്പോഴും യു.ഡി.എഫിന് മുൻകൈയുള്ള ജില്ലയായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. ഇടത്തരം- മദ്ധ്യവർഗ വിഭാഗം അവിടെ കൂടുതലാണ്. നഗര മേഖലയിലുള്ളവരുടെ എണ്ണവും കൂടുതലാണ്. സമ്പന്നവർഗം അവിടെ വളർന്നുവരുന്നു. അവിടെ നാട്ടിൻപുറത്തും ധനികവർഗം വളർന്നുവന്നിട്ടുണ്ട്. പല തരത്തിലുള്ള ധനമൂലധന ശക്തികളുടെ കേന്ദ്രീകരണം എറണാകുളത്താണ്. അതിന്റെയെല്ലാം ഫലമായുള്ള വലതുപക്ഷ ആശയപ്രചരണം ശക്തമായി നടക്കുന്ന ജില്ലയാണ് അത്. അതിനെക്കൂടി നേരിട്ട് പ്രവർത്തിക്കത്തക്ക വിധത്തിലുള്ള പരിപാടികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്.

നേതൃതലത്തിൽ വിഭാഗീയതയില്ലെങ്കിലും പ്രാദേശികമായി വിഭാഗീയതകൾ തലപൊക്കുന്നതിന്റെ സൂചനകളുണ്ടാകുന്നു...

വിഭാഗീയതയും ഗ്രൂപ്പിസവും മേലെ നിന്ന് തുടങ്ങുന്നതാണ് നേരത്തേയുണ്ടായിരുന്ന അനുഭവം. അത് പൂർണമായി അവസാനിപ്പിക്കാനായി. അനുഭവത്തിൽ നിന്ന് എല്ലാവരും പാഠം പഠിച്ചു. ചില ജില്ലകളിലെ പ്രശ്നം സംസ്ഥാനതലത്തിലെ ഏതെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലിന്റെ ഭാഗമായുള്ളതല്ല. അവിടത്തെ ചില പ്രത്യേക പ്രശ്നങ്ങളുടെ പേരിലാണ്. അതുകൊണ്ട് അത് വേഗം പരിഹരിക്കാനാവും.

വ്യക്തികൾക്കു പിന്നിൽ ചിലയാളുകളെ അണിനിരത്താൻ പ്രാദേശികമായി ചില ശ്രമം നടക്കുന്നുണ്ട്. പാർട്ടിക്കു പിന്നിലാണ് ജനങ്ങൾ അണിനിരക്കേണ്ടത്. കേരളത്തിൽ മുൻകാലത്തുണ്ടായ വിഭാഗീയതയുടെ പ്രശ്നം വ്യക്തികൾക്കു പിന്നിൽ ചിലയാളുകൾ അണിനിരന്നതിനെ തുടർന്നുണ്ടായതാണ്. നേതൃത്വത്തിൽ ചിലയാളുകളെ കേന്ദ്രീകരിച്ച് നിന്നു എന്നതാണ്. അങ്ങനെയൊരു പ്രശ്നം ഇപ്പോഴില്ല. പ്രാദേശികമായി ഒരു നേതാവിനെ ചുറ്റിപ്പറ്റി കേന്ദ്രമുണ്ടെങ്കിൽ അത് തകർക്കുക തന്നെ ചെയ്യും. പ്രത്യേക തുരുത്തുകളായി പ്രവർത്തിക്കാൻ ആരെയും സമ്മതിക്കില്ല.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഇത്തരം അനഭിലഷണീയ ചർച്ചകൾക്ക് തടയിട്ടതിനു തൊട്ടുപിന്നാലെ യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ് പാർട്ടിക്കുള്ളിൽ വിവാദമായല്ലോ...?

അത് അവരുടെ വ്യക്തിപരമായ ഒരഭിപ്രായമാണ്. അത് അവർ തന്നെ പിൻവലിച്ചു. തനിക്ക് തെറ്റു പറ്റിപ്പോയെന്ന് അറിയിച്ച് അവർ സംസ്ഥാന കമ്മിറ്റിക്ക് കത്തു തന്നിട്ടുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. അത്തരം കാര്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ പാർട്ടി അംഗത്തിന് അവകാശമില്ല. പാർട്ടിക്കകത്ത് പ്രകടിപ്പിക്കേണ്ട അഭിപ്രായം പാർട്ടിക്കു പുറത്ത് ഫേസ്ബുക് വഴിയായാലും പ്രകടിപ്പിക്കാൻ പാടില്ല. അങ്ങനെയുള്ള തെറ്റ് സംഭവിച്ചാൽ തിരുത്തിക്കുക എന്നതാണ് പാർട്ടി സമീപനം. അത് വിഭാഗീയ പ്രശ്നമായൊന്നും ആലപ്പുഴയിൽ വളരാനേ പോകുന്നില്ല.

75 വയസ്സ് എന്ന പ്രായപരിധി കർശനമാക്കാൻ പോകുന്നു. പാർട്ടി കൂടുതൽ ചെറുപ്പമാകുകയാണോ...?

പാർട്ടി എപ്പോഴും ഊർജ്ജസ്വലമായിരിക്കും. പ്രായമായവരും ചെറുപ്പക്കാരും അനുഭവസമ്പത്തുള്ളവരും പുതിയ തലമുറയിൽപ്പെട്ടവരും വ്യത്യസ്ത തലങ്ങളിലുള്ളവരുമുണ്ടാകും. സ്വാഭാവികമായി പുതിയ കുറേ പേരെ ഉൾക്കൊള്ളണമെങ്കിൽ ഒരു സംവിധാനമില്ലെങ്കിൽ ഒരേ നിലയിൽ തുടരും. ഒരേയാളുകൾ തുടരുമ്പോൾ പുതിയവർക്ക് പ്രവേശനം കിട്ടില്ല.

അംഗസംഖ്യ വർദ്ധിപ്പിച്ചാൽ അത് ബൂർഷ്വാ പാർട്ടികളുടേതു പോലെയാകും. അതും സാദ്ധ്യമല്ല. അപ്പോൾ സ്വാഭാവികമായി,​ നിശ്ചിതപ്രായപരിധി പിന്നിട്ടവർ മാറി നിൽക്കണം. അവരെ ഒഴിവാക്കുന്നതല്ല. 75 വയസ്സ് കഴിഞ്ഞവർക്ക് മറ്റ് ഉത്തരവാദിത്വങ്ങൾ എറ്റെടുക്കാനാവും. പാർട്ടി സംസ്ഥാനകമ്മിറ്റി തന്നെ അത്തരം ഉത്തരവാദിത്വങ്ങൾ നല്കും. കമ്മിറ്റിയിലില്ലെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കെല്ലാം സംസ്ഥാന കമ്മിറ്റിക്കു കീഴിൽ ഒരു യൂണിറ്റ് നിശ്ചയിച്ച് നൽകും. സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായിത്തന്നെ പ്രവർത്തിക്കും. ചിലരെ ക്ഷണിതാക്കളാക്കും. ഇവരെയെല്ലാം ഉൾക്കൊള്ളുന്ന സമീപനമാകും സ്വീകരിക്കുക.

പ്രായപരിധി പിന്നിട്ടാലും വളരെ സജീവമായി നിൽക്കുന്നവർക്ക് ഇളവുണ്ടാകുമോ...?

അത് ഓരോ കേസും പ്രത്യേകം പരിശോധിച്ചേ പറയാനാകൂ. പൊതുവിൽ അത്തരം നിലപാടല്ല. കമ്മിറ്റിയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടാലും അവർക്കുള്ള എല്ലാ സംരക്ഷണവും പാർട്ടി നൽകും. ഇപ്പോൾ നൽകിവരുന്ന അലവൻസ് കൊടുക്കും. മെഡിക്കൽ സഹായമുണ്ടാകും. മാറിനിൽക്കുന്നതു കൊണ്ട് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ അവരെ സജീവമാക്കി നിറുത്തും.

അടുത്തിടെ കെ.ടി. ജലീൽ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതും തോമസ് ഐസക് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി പോസ്റ്റിട്ടതും വലിയ ചർച്ചയായല്ലോ...?

ആരെങ്കിലും ഒരുവഴിക്ക് പോകുമ്പോൾ ഒരാളെ കാണുന്നതിന് എന്തു രാഷ്ട്രീയമാനമാണ് ഉള്ളത്?​ ഞാനൊരു വഴിക്ക് പോകുമ്പോൾ കുഞ്ഞാലിക്കുട്ടിയെ കണ്ടാൽ സംസാരിക്കില്ലേ?​ അത് രാഷ്ട്രീയമായ ചർച്ചയാണോ?​ തോമസ് ഐസക് എഴുതിയത് ജനകീയാസൂത്രണത്തിന്റെ കാലത്ത് മുസ്ലിംലീഗ് എടുത്ത സമീപനത്തെക്കുറിച്ചാണ്. അത് ശരിയുമായിരുന്നു. മുസ്ലിംലീഗ് ജനകീയാസൂത്രണത്തോട് നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്. കോൺഗ്രസ് എടുത്ത സമീപനമല്ല ലീഗ് സ്വീകരിച്ചത്. അതിന്റേതായ നേട്ടം മലപ്പുറം ജില്ലയിലുണ്ടായിട്ടുമുണ്ട്. അത് ചൂണ്ടിക്കാണിച്ചത് രാഷ്ട്രീയമല്ല. ഇവിടെയുള്ള പ്രശ്നം എന്തെങ്കിലുമൊന്ന് ചൂണ്ടിക്കാണിച്ചാൽ ഉടനെ രാഷ്ട്രീയമാകും. എല്ലാം രാഷ്ട്രീയസംഭവമായല്ല കാണേണ്ടത്. ചില ചരിത്രസംഭവങ്ങൾ നമുക്ക് ഓർമ്മിപ്പിക്കേണ്ടി വരും.

ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രാഷ്ട്രീയയുദ്ധം പ്രഖ്യാപിച്ചയാളാണ്...?

രാഷ്ട്രീയമായി മുസ്ലിംലീഗിനെ സി.പി.എം എതിർക്കുന്നുണ്ടല്ലോ. ആ എതിർപ്പ് തുടരും. അതേസമയം, വ്യക്തിപരമായി എവിടെയെങ്കിലും കണ്ടുമുട്ടി, ഒരു കല്യാണസ്ഥലത്ത് കണ്ടു, അല്ലെങ്കിൽ ഒരു പൊതുസ്ഥലത്ത് കണ്ടു, അപ്പോൾ മുഖംതിരിച്ചു നടക്കണമെന്ന് പാർട്ടി ആർക്കും നിർദ്ദേശം കൊടുത്തിട്ടില്ല. ഞാനായാൽപ്പോലും കാണും. എല്ലാം രാഷ്ട്രീയചർച്ചയായി ചില മാദ്ധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് കേരളത്തിന്റെ ആരോഗ്യകരമായ രാഷ്ട്രീയാവസ്ഥയ്ക്ക് സഹായകമല്ല.