
തിരുവനന്തപുരം: കോവളം എം എൽ എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) അടിച്ചു തകർത്തത്.
മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് അക്രമി കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ബൈക്കിലാണ് സന്തോഷ് എംഎൽഎയുടെ വീടിനടുത്തെത്തിയത്. തുടർന്ന് വീടിനു മുന്നിൽ നിർത്തിയിട്ട എംഎൽഎയുടെ കാർ അടിച്ചുതകർക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളുടെ പേരിൽ ബാലരാപുരം പൊലീസ് കേസ് എടുത്തു. സന്തോഷ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.