
ന്യൂഡൽഹി: രാജ്യാന്തര ബാങ്കിംഗ് പണമിടപാട് ശൃംഖലയായ സ്വിഫ്‌റ്റിൽ (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ) നിന്ന് റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ഒരുങ്ങുന്നു. തിരഞ്ഞെടുത്ത മുൻനിര റഷ്യൻ ബാങ്കുകളെ ആദ്യഘട്ടത്തിൽ പുറത്താക്കാനാണ് നീക്കം. ഇതോടെ റഷ്യയുടെ 70 ശതമാനം രാജ്യാന്തര ബാങ്കിടപാടുകളും തടസപ്പെടും.
ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളിൽ നാലാമതാണ് റഷ്യ. ഏകദേശം 63,500 കോടി ഡോളറാണ് ശേഖരം. ഇതുപയോഗിക്കാനും റഷ്യയ്ക്ക് കഴിയില്ലെന്നതിനാൽ, രാജ്യത്തിന്റെ സാമ്പത്തികക്രമം താളംതെറ്റും.
റഷ്യയ്ക്ക് പൊറുതിമുട്ടും
ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയ്ക്ക്, ഈ മേഖലയിലും പണമിടപാടുകൾക്ക് തടസമുണ്ടാകും. രാജ്യത്തുനിന്നുള്ള എല്ലാവിഭാഗം കയറ്റുമതികളും തിരിച്ചടി നേരിടും. അവശ്യവസ്തുക്കളുടെ ഇറക്കുമതിയും സാദ്ധ്യമാവില്ലെന്നതിനാൽ റഷ്യ ക്ഷാമത്താൽ വലയും.
നിലവിൽ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, കാനഡ, അമേരിക്ക, യൂറോപ്യൻ കമ്മിഷൻ എന്നിവയാണ് സ്വിഫ്‌റ്റിൽ നിന്ന് റഷ്യയെ പുറത്താക്കാൻ മുൻനിരയിലുള്ളത്. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഐകകണ്ഠ്യേന തീരുമാനിച്ചാലേ പുറത്താക്കാനാകൂ.
സാമ്പത്തിക ആണവായുധം
സ്വിഫ്‌റ്റിൽ നിന്ന് പുറത്താക്കിയാൽ അത് റഷ്യയ്ക്കെതിരായ യുദ്ധപ്രഖ്യാപനമായി കാണുമെന്നാണ് റഷ്യൻ ഭരണകൂടം പ്രതികരിച്ചത്. എന്നാൽ, റഷ്യയ്ക്കെതിരായ 'സാമ്പത്തിക ആണവായുധമാണ്" സ്വിഫ്‌റ്റ് എന്നാണ് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ തിരിച്ചടിച്ചത്.
എന്താണ് സ്വിഫ്‌റ്റ് ?
രാജ്യാന്തര തലത്തിൽ ബാങ്കുകൾക്കിടയിലെ ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പും സൈബർ ആക്രമണങ്ങൾ തടയാനുമായി ബെൽജിയം ആസ്ഥാനമായി 1973ൽ രൂപീകരിച്ച സഹകരണസ്ഥാപനമാണ് സ്വിഫ്‌റ്റ്. നാഷണൽ ബാങ്ക് ഒഫ് ബെൽജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്ക, ജപ്പാൻ, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയവയുടെ കേന്ദ്രബാങ്ക് പ്രതിനിധികളും ബോർഡിലുണ്ട്. ഇന്ത്യയിൽ ബാങ്കുകൾ തമ്മിൽ ഉപയോഗിക്കുന്ന ഐ.എഫ്.എസ് കോഡിന് സമാനമാണ് സ്വിഫ്‌റ്റിന്റെ പ്രവർത്തനം.
200 രാജ്യങ്ങളിലായി 11,000 ധനകാര്യസ്ഥാപനങ്ങൾ സ്വിഫ്‌റ്റ് ഉപയോഗിക്കുന്നു.
ശരാശരി 4.2 കോടി ഇടപാടുകളാണ് സ്വിഫ്റ്റിലൂടെ പ്രതിദിനം നടക്കുന്നത്.
300 റഷ്യൻ ബാങ്കുകൾ സ്വിഫ്‌റ്റിൽ അംഗമാണ്.
5%
2012ൽ ഇറാനെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കാൻ അമേരിക്ക വിജയിച്ചിരുന്നു. 2014ൽ റഷ്യയെ പുറത്താക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും റഷ്യയുമായി വൻ സാമ്പത്തിക ഇടപാടുകളുണ്ട്. യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലെ വ്യാപാരം മാത്രം 8,000 കോടി യൂറോയുടേതാണ്; ഏകദേശം 6.78 ലക്ഷം കോടി രൂപ.സ്വിഫ്‌റ്റിൽ നിന്ന് പുറത്താക്കപ്പെട്ടാൽ റഷ്യൻ ജി.ഡി.പിയിൽ നിന്ന് അഞ്ചുശതമാനം കൊഴിഞ്ഞുപോകും. ഇത് റഷ്യയ്ക്ക് താങ്ങാവുന്നതിലും അധികമാണ്.
ബദലിനായി ശ്രമം
2014ൽ തന്നെ സ്വിഫ്‌റ്റിനൊരു ബദലിനായി റഷ്യ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായിട്ടില്ല. സിസ്‌റ്റം ഫോർ ട്രാൻസ്ഫർ ഒഫ് ഫിനാൻഷ്യൽ മെസേജസ് (എസ്.പി.എഫ്.എസ്) എന്ന സംവിധാനം റഷ്യ ഒരുക്കിയിരുന്നെങ്കിലും ഉപയോഗം നാമമാത്രമാണ്. ഇതിനിടെ, ചൈനയും റഷ്യയ്ക്കൊപ്പം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും വിജയകരമായ ബദൽ സൃഷ്‌ടിക്കാനായിട്ടില്ല.