gold

തിരുവനന്തപുരം: റഷ്യ-യുക്രെയിൻ സംഘർഷം കടുത്തതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ വിലവിവരക്കണക്കാണിത്.

ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയുമാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം 4635 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. ആക്രമണത്തിന് പിന്നാലെ പല ലോകരാഷ്ട്രങ്ങളും റഷ്യയ്ക്കെതിരെ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ സ്വർണത്തിന്റെ വിലയിൽ വർദ്ധവുണ്ടാകുന്നത്. സ്വർണത്തിന് പുറമേ വെള്ളിയ്ക്കും വില ഉയർന്നു. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളി ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000രൂപ വരെ ഉയരാൻ സാദ്ധ്യതയുണ്ട്.

രാജ്യാന്തര പേയ്മെന്റ് ശൃംഖലയായ സ്വിഫ്റ്റിൽ നിന്നും റഷ്യയുടെ മുൻനിര ബാങ്കുകളെ പുറത്താക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ധാരണയായത് സ്വർണവിലയെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. റഷ്യയുടെ വിദേശ സാമ്പത്തിക ഇടപാടുകൾ നിലച്ചാൽ അന്താരാഷ്ട്ര വ്യാപാരത്തിനായി സ്വർണമായിരിക്കും റഷ്യ കൂടുതലായി ഉപയോഗിക്കുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് കാര്യമായ മാറ്റമുണ്ടാകാൻ സാദ്ധ്യതയുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.