
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്ക് ശേഷം അജീഷിന്റെ സ്ഥിരം ഒളിത്താവളങ്ങളിലൊന്നായിരുന്നു കൊലനടത്തിയ നഗരത്തിലെ ഹോട്ടൽ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരുഡസനോളം തവണ അയ്യപ്പൻ ഇതേ ഹോട്ടലിൽ താമസിച്ചിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചു.
ഭാര്യയുമായി വേർപിരിഞ്ഞു കഴിയവേ ഇക്കഴിഞ്ഞ ഒക്ടോബർ 28ന് ഇയാൾ ഇവിടെ മുറിയെടുത്തു. മക്കളെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്നും കാണാൻ വരണമെന്നും ആവശ്യപ്പെട്ട് ഭാര്യയെ നഗരത്തിലേക്ക് വിളിച്ചു വരുത്തി. കൂട്ടുകാരിക്കൊപ്പമെത്തിയ ഭാര്യയെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തി കണ്ടശേഷം ഭാര്യയുമൊത്ത് മുറിയിലെത്തി. എന്നാൽ പിറ്റേ ദിവസം ഭാര്യ പിണങ്ങിപ്പോയി.
തുടർന്ന് അജീഷ്, ഹോട്ടൽ മുറിയിൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പൻ ഇടപെട്ടു. ഇതോടെയാണ് അയ്യപ്പനോട് അജീഷിന് വൈരാഗ്യം തുടങ്ങിയത്. വഴക്കിനിടെ അയ്യപ്പൻ അസഭ്യം പറഞ്ഞതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഈ സംഭവത്തിനു ശേഷവും അജീഷ് ഇതേ ഹോട്ടലിൽ മുറിയെടുക്കാനെത്തിയിരുന്നു. അപ്പോഴെല്ലാം അയ്യപ്പനുമായി ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും ഒരാഴ്ച മുമ്പ് അജീഷ് മുറിയെടുക്കാനെത്തിയപ്പോഴും ഇതേ പ്രശ്നങ്ങൾ വീണ്ടും ഉണ്ടായെന്നും പൊലീസ് പറഞ്ഞു.
അയ്യപ്പനോട് ഏറ്റുമുട്ടാനുള്ള അവസരമുണ്ടാക്കാനാണ് താമസത്തിന് ഇതേ ഹോട്ടൽ അജീഷ് വീണ്ടും വീണ്ടും തിരഞ്ഞെടുത്തതെന്നാണ് പൊലീസ് കരുതുന്നത്. ഹോട്ടൽ ജീവനക്കാരെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അയ്യപ്പനും അജീഷും തമ്മിലുള്ള വൈരാഗ്യത്തിന്റെ കൃത്യമായ കാരണങ്ങളും അതിനുള്ള തെളിവുകളും ശേഖരിക്കുകയാണ് ലക്ഷ്യം. ഹോട്ടൽ മുറിയിലെ സിസി ടിവി കാമറകളുടെ ഹാർഡ് ഡിസ്കും വിശദ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.