kedarnath-temple

ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ് ഇന്ത്യയിലെ ഹിന്ദു മതവിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. രുദ്ര പ്രയാഗ് ജില്ലയിൽ മന്ദാകിനി നദിക്ക് സമീപമാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 ജ്യോതിർലിംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേഥാർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3584 മീറ്റർ ഉയരത്തിലുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിശൈത്യമായതിനാൽ ഈ ക്ഷേത്രം വർഷത്തിൽ ഏപ്രിൽ അവസാനം മുതൽ നവംബർ വരെയാണ് ഭക്തർക്ക് തുറന്ന് കൊടുക്കുന്നത്. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിംബം ആവാഹിച്ച് അമ്പത് കിലോമീറ്റർ അകലെയുള്ള ഓഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്താറുള്ളത്.

kedarnath

മഹാശിവരാത്രി കാലത്തും കേഥാർനാഥ് ക്ഷേത്രം അടഞ്ഞുതന്നെയാണ് കിടക്കുക. എന്നിരുന്നാലും കേഥാർനാഥ് ക്ഷേത്രം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കുന്നത് ശിവരാത്രി ദിവസമായ നാളെ പുലർച്ചെയായിരിക്കും. പണ്ഡിതന്മാരും ക്ഷേത്രഭാരവാഹികളും ചേർന്നാണ് തിയതി തീരുമാനിക്കുക. ഓഖിമഠിലെ പൂജാ ബിംബത്തിലെ കേഥാർനാഥന്റെ പൂജകളെല്ലാം നടത്തുക. മഹാരുദ്രാഭിഷേകമാണ് ഇതിൽ പ്രധാനം. പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് വരെയാണ് മഹാരുദ്രാഭിഷേകം. തുടർന്ന് യാമപൂജകൾ നടക്കും. രാത്രി ഒരു മണിക്കുള്ള യാമപൂജയാണ് അതിവിശേഷം. യാമപൂജ കൂടാതെ വൈകിട്ട് നാലു പ്രകാരത്തിലുള്ള പൂജകളും കേഥാർനാഥനായി നടക്കും.

kedarnath-temple

കഠിനമായ വ്രതം അനുഷ്ഠിച്ചാണ് ഭക്തർ മഹാശിവരാത്രി നാളിൽ മഹാദേവനെ പൂജിക്കുന്നത്. ശിവരാത്രിയുടെ തലേദിവസം തന്നെ വ്രതം ആരംഭിക്കും. സന്ധ്യാനേരം ആരംഭിച്ചുകഴിഞ്ഞാൽ വെള്ളം മാത്രമാകും ഭക്ഷണം. പിറ്റേന്ന് ശിവരാത്രി യാമപൂജയുടെ പ്രസാദം സ്വീകരിക്കുന്നത് വരെ ജലപാനം മാത്രം. കേഥാർനാഥിൽ പ്രധാനമായും ഒരു യാമപൂജ മാത്രമാണുള്ളത്. ആ സമയമത്രയും ഭക്തർ പഞ്ചാക്ഷരി മന്ത്രം ജപിച്ചുകൊണ്ടേയിരിക്കും.

അതിപുരാതനമായ ദേവസ്ഥാനമാണ് കേഥാർനാഥ്. ചതുരാകൃതിയിലുള്ള അടിത്തറയിൽ വലിയ ശിലാഫലകങ്ങൾ ഉപയോഗിച്ചാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശിവ വാഹനമായ നന്ദിയുടെ വിഗ്രഹം ക്ഷേത്രത്തിനു പുറത്ത്, ക്ഷേത്ര പാലകനെന്ന പോലെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. തീർത്ഥാടകർ പ്രാർത്ഥിക്കുന്ന സ്ഥലത്തെ ഗർഭഗൃഹ എന്നാണ് വിളിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളും പൂജകളും നടത്താനായി ഒരു മണ്ഡപവും ഇവിടെയുണ്ട്. വർഷം തോറും പതിനായിരങ്ങളാണ് തീർത്ഥാടനത്തിനായി ഇവിടെയെത്തുന്നത്. ഹിമാലയത്തിലേക്കുള്ള റോഡുകളും നദികളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഏതെങ്കിലും നദിയുടെ തീരം പറ്റി നിർമ്മിച്ചതാണ് ഹിമാലയത്തിലേക്കുള്ള മിക്ക റോഡുകളും. ഋഷികേശിൽ നിന്ന് ഒരു പകൽ യാത്ര ചെയ്താൽ വാഹന മാർഗം എത്തിച്ചേരാവുന്ന അവസാന സ്ഥലമായ ഗൗരികുണ്ഡിലെത്താം.

kedarnath-temple-pics

ഋഷികേശിൽ നിന്ന് 212 കിലോമീറ്ററാണ് ഗൗരികുണ്ഡിലേക്കുള്ളത്. പർവതങ്ങളുടെ താഴ്‌വരയിലാണ് ഗൗരികുണ്ഡ്. ഗൗരികുണ്ഡിലെ ഉരുക്കുപാലം കഴിഞ്ഞ് രണ്ടോ മൂന്നോ കിലോമീറ്റർ കൂടി വാഹനത്തിൽ പോകാം. ശേഷം കാൽനട തുടരാം. അവിടെ നിന്ന് 16 കിലോമീറ്റർ പർവത പാത താണ്ടിയാലാണ് കേദാർനാഥിലെത്താൻ സാധിക്കുക. ഇവിടെ നടന്ന് കയറാൻ സാധിക്കാത്തവരെക്കാത്ത് കുതിര താവളം ഉണ്ട്. കൂടാതെ ഹെലികോപ്‌ടർ സൗകര്യവും തീർത്ഥാടകരെ കൂട്ടകളിൽ കയറ്റിക്കൊണ്ടപോകുന്നവരെയും കാണാൻ സാധിക്കും. ഏകദേശം ആറുമണിക്കൂർ കൊണ്ട് കേദാർനാഥിലെത്താം.