കുട്ടനാടൻ കായലോളങ്ങളെ തഴുകി വരുന്ന കാറ്റിനു കുളിരിന്റെ ഊഷ്മളതയല്ല ഇപ്പോഴുള്ളത്. കടലും കായലും ചൂടു പിടിച്ചു കിടക്കുമ്പോൾ കരയും ചുട്ടു പഴുക്കുകയാണ്. കാറ്റിനു പോലും കൊടും ചൂടാണിവിടെ. മഴക്കാലം കുട്ടനാടിന് വറുതിയുടെ കാലമാണെങ്കിൽ അതിന്റെ മറ്റൊരു ദുരിത മുഖമാണ് വേനൽക്കാലം. പമ്പയും, മണിമലയാറും അച്ചന്‍കോവിലാറും വറ്റിത്തുടങ്ങിയതിനാൽ നദികളിലേക്കുള്ള കൈവഴികളില്‍ വെള്ളമില്ല.
കുംഭചൂട് കടുത്തതോടെ ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാവുകയാണ്. മറ്റ് ജില്ലകളിൽ കുടിവെള്ളം എത്തിക്കുന്നതിന് മുന്നൊരുക്കങ്ങൾ ആരംഭിച്ചെങ്കിലും ജില്ലയിലെ പ്രവർത്തനം വളരെയധികം പിന്നിലാണ്. കിഴക്കൻ മേഖലകളിലെ കിണറുകളിൽ ജലനിരപ്പ് കുറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നിടത്ത് ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

1987ൽ കുട്ടനാട്ടിൽ സ്ഥാപിച്ച പൈപ്പുകൾ കാലപ്പഴക്കത്താൽ തകർന്നിരിക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആരോപണം. 70 കോടിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. പ്രളയാനന്തര പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളമെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൈ എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തലവടിയിൽ ശുദ്ധജല പദ്ധതി പാതി വഴിയിൽ നിലച്ചു. വാട്ടർ ടാങ്ക് കെട്ടിയിട്ടിട്ട് ഒരു പതിട്ടാണ്ടിലേറെയായി. എന്നാൽ ടാങ്ക് കെട്ടിയതല്ലാതെ മറ്റൊന്നും നടന്നില്ല. വിശാലമായ ഇവിടുത്തെ ഭൂമിയിൽ വലിയ എച് ഡി പൈപ്പുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയ്ക്ക് എന്ന് ശാപമോക്ഷം കിട്ടുമെന്ന് ആർക്കും അറിയില്ല. കാടുപിടിച്ചു കിടക്കുന്ന ഈ സ്ഥലം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി. ഈ പദ്ധതിയെങ്കിലും നടപ്പിലാക്കിയിരുന്നെങ്കിൽ കുറഞ്ഞത് തലവടി പഞ്ചായത്തിന്റെയെങ്കിലും വെള്ളത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുമായിരുന്നു. തലവടി പഞ്ചായത്തിലെ എതാണ്ടെല്ലാ വാർഡുകളിലും വെള്ളത്തിന്റെ പ്രശ്നം രൂക്ഷമാണ്.