shine-tom-chacko

നടൻ ഷൈൻ ടോം ചാക്കോ അടുത്തിടെ നൽകിയ ചില അഭിമുഖങ്ങളുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അഭിമുഖങ്ങളിൽ അപ്‌നോർമലായാണ് ഷൈൻ പെരുമാറിയതെന്നും, താരം ലഹരി ഉപയോച്ചിരുന്നുവെന്നുമുള്ള തരത്തിലായിരുന്നു ട്രോളുകൾ. എന്നാൽ സത്യം മറ്റൊന്നാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീർ മുഹമ്മദുണ്ണി അവകാശപ്പെടുന്നത്.

മുനീറിന്റെ വാക്കുകൾ-

'ട്രോളുകൾ, ഷൈനിന്റെ ടോമിന്റെ ഇന്റർവ്യു സത്യം എന്താണ് ? തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ഷൈൻ ടോം ചാക്കോയുടെ കാലിന് ഒടിവ് സംഭവിക്കുന്നു. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെയിൻ കില്ലറുകൾ കഴിച്ച് സെഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് 'വെയിൽ' സിനിമയ്ക്കു വേണ്ടി ഇന്റർവ്യു കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു.

പക്ഷേ അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റർവ്യുകളും കൈവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഓൺലൈൻ സദാചാര പൊലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു'.