
സലാഡുകളിലും കറികളിലും തുടങ്ങി മിക്കവാറും എല്ലാ വിഭവങ്ങളിലും നമ്മൾ തക്കാളി ചേർക്കാറുണ്ട്. ചെറിയ മധുരവും പുളിയും ചേർന്ന തക്കാളിയുടെ സ്വാദ് ഏവർക്കും പ്രിയവുമാണ്. ചിലർക്ക് പച്ചയായി കഴിക്കാനാണ് ഇഷ്ടം എന്നാൽ മറ്റ് ചിലർ കറികളിൽ ഉൾപ്പെടുത്തി കഴിക്കുന്നു. വിറ്റാമിൻ സിയുടെ കലവറ എന്നറിയപ്പെടുന്ന തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തക്കാളി കഴിക്കുന്നതുകൊണ്ട് പോഷകങ്ങൾ ശരീരത്തിന് ലഭിക്കും എന്നിരുന്നാലും രുചിയുടെയോ ഗുണത്തിന്റെയോ പേരിൽ അമിതമായി തക്കാളി കഴിക്കുന്നത് നിങ്ങളെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും. മലയാളികൾ മിക്കവാറും എല്ലാ കറികളിലും ഉൾപ്പെടുത്തുന്ന തക്കാളി അമിതമായി കഴിച്ചാലുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. അസിഡിറ്റി

ആസിഡ് അടങ്ങിയിട്ടുള്ളതിനാലാണ് തക്കാളിക്ക് പുളി അനുഭവപ്പെടുന്നത്. അതിനാൽ ഇവ അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലോ ഉദര സംബന്ധമായ മറ്റ് അസുഖങ്ങളോ വരാൻ കാരണമാകുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം ഉള്ളവർ തക്കാളി കഴിക്കാതിരിക്കുന്നതാവും നല്ലത്.
2. ചർമത്തിന്റെ നിറവ്യത്യാസം

കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും തക്കാളി അമിതമായി കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ലൈക്കോപെനോഡെർമിയയ്ക്ക് കാരണമാകും. രക്തത്തിലെ അമിതമായ ലൈക്കോപീനിന്റെ അളവ് ചർമത്തിലെ നിറവ്യത്യാസം ഉണ്ടാക്കും. ദിവസവും 75മില്ലിഗ്രാം ലൈക്കോപീൻ കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
3. അലർജി

തക്കാളിയിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ഹിസ്റ്റാമിൻ. ഇത് കഴിച്ചയുടനെ ചുമ, തുമ്മൽ, ചർമത്തിലെ തിണർപ്പ്, തൊണ്ടയിലെ ചൊറിച്ചിൽ തുടങ്ങിയ അലർജിക്ക് കാരണമാകുന്നു. അതിനാൽ നിങ്ങൾക്ക് അലർജിയുടെ പ്രശ്നം ഉണ്ടെങ്കിൽ ഭക്ഷണത്തിൽ തക്കാളിയുടെ അളവ് കുറയ്ക്കുക.
4. സന്ധി വേദന

തക്കാളിയിൽ അടങ്ങിയിട്ടുള്ള സോളനൈൻ എന്ന ആൽക്കലോയിഡ് സന്ധികളുടെ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു. തക്കാളി അധികമായി കഴിക്കുന്നത് കോശങ്ങളിൽ കാൽസ്യം അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇതിലൂടെ സന്ധിവീക്കം ഉണ്ടാകുന്നു. സന്ധിവേദന ഉള്ളവർ തക്കാളി കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക.
5. വൃക്കയിലെ കല്ലുകൾ

തക്കാളിയിലെ ചില സംയുക്തങ്ങൾക്ക് ദഹനരസങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ ഫലമായി കാൽസ്യവും ഓക്സലേറ്റും ശരീരത്തിൽ അടിഞ്ഞുകൂടുകയും വൃക്കയിൽ കല്ലുകൾ രൂപപ്പെടുകയും ചെയ്യും.