
സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം എന്നതിലുപരി ഗുണ്ടാജയനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം കൂടി ചിത്രത്തിനുണ്ട്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷനിലാണ് ചിത്രം തീയേറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുന്നത്. സർപ്രൈസുകൾ അവിടെയും തീരുന്നില്ല, അതിഥി വേഷത്തിൽ എത്തുന്ന സൂപ്പർ താരത്തിന്റെ സാന്നിദ്ധ്യവും ചിത്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് സംസാരിക്കുന്നു.
'ഇതൊരു ചെറിയ ചിത്രമാണ്. പക്ഷേ നല്ലൊരു ഫൺ മൂവിയാണ്. ദുൽഖറിന്റെ വേഫയർ പോലൊരു കമ്പനി ചിത്രം നിർമ്മിക്കാനും വിതരണം ചെയ്യാനും മുന്നോട്ട് വരുന്നുവെന്നത് തന്നെ സ്വപ്ന തുല്യമായ സന്തോഷമാണ്. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം പക്കാ എന്റെർടെയിനറാണെന്ന് പറയുന്നുണ്ട്. ഒരുപാട് ചിരിക്കാനുണ്ട്, നല്ല പാട്ടുകളുണ്ട്, നല്ല ബിജിഎം ആണ്, പിന്നെ കുറേ പുതിയ അഭിനേതാക്കളുമുണ്ട്.
അവരെല്ലാം മികച്ച രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെന്നതാണ് മറ്റൊരു സന്തോഷം. വയലാറിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഒരുപാട് മനോഹരമായ വിഷ്വൽസും ചിത്രത്തിൽ കാണാം. ഒരു കല്യാണമാണ് ചിത്രം പറയുന്നത്. പഴയ ഗുണ്ടയുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. " സൈജു കുറുപ്പ് പറയുന്നു.
കൂടാതെ, മറ്റുള്ളവരുടെ അഭിപ്രായം തേടുന്ന നടനാണ് താനെന്നും പലപ്പോഴും അതെല്ലാം സ്ക്രീനിൽ തന്റെ കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ' സാഹചര്യത്തിനനുസരിച്ചുള്ള തമാശകളൊക്കെ കൈയിൽ നിന്നും ഇടാറുണ്ട്. ലൊക്കേഷനിലെത്തിയാൽ എല്ലാവരുമായിട്ടും പെട്ടെന്ന് ഞാൻ അടുക്കും. അതുകൊണ്ട് എല്ലാവരും അഭിപ്രായം പറയും. ചിലരൊക്കെ നമ്മളെ ഹെൽപ്പ് ചെയ്യും.
അങ്ങനെ ചെയ്താൽ നന്നായിരിക്കില്ലേ ചേട്ടാ എന്ന് ചോദിക്കും. അത് ഞാൻ അഭിനയത്തിൽ കൊണ്ടു വരാറുമുണ്ട്. നമ്മുടെ കൈയിൽ മരുന്ന് കുറവാണ്. മറ്റുള്ളവരിൽ നിന്നും മരുന്ന് വാങ്ങിയാൽ നമുക്ക് കൂടുതൽ നന്നായി ചെയ്യാൻ പറ്റും. ഇതാണ് എന്റെ അഭിനയ രീതി. " ചിത്രത്തിൽ ഗസ്റ്റ് റോളിൽ ദുൽഖർ എത്തുന്നുണ്ടോയെന്നത് ചിത്രം കണ്ടു തന്നെ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.