thrissur

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനെതിരായ പരാതിയിൽ നടപടിയെടുത്ത് സർവകലാശാല. കാലിക്കറ്റ് സർവകലാശാല വൈസ്‌ചാൻസിലറാണ് സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ(46) സസ്‌പെൻഡ് ചെയ്‌തത്. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സ‌ർവകലാശാല നടപടിയെടുത്തത്.

പ്രശ്‌നങ്ങൾക്ക് പിന്നിലെ സംഭവങ്ങൾ ഇത്തരത്തിലാണ്. മൂന്ന് മാസം മുൻപ് തൃശൂർ സ്‌കൂൾ ഓഫ് ഡ‌്രാമയിൽ വിസി‌റ്റിംഗ് ഫാക്കൽട്ടിയായി എത്തിയ രാജാവാര്യർ ഒരു പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി. ഒരേ പെൺകുട്ടിയെ തന്നെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ഒരിക്കൽ അകാരണമായി അടിക്കുകയും ചെയ്‌തതായിരുന്നു സംഭവം. ഇതിനെതിരെ വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്രൊരദ്ധ്യാപകനായ എസ്.സുനിൽകുമാർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി എത്തിയത്. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗികചുവയോടെ പെൺകുട്ടിയെ വിളിച്ച് സംസാരിച്ചു.

അപമാനം നേരിട്ട പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലംപിടിച്ച് പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു.തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് അദ്ധ്യാപകനെതിരെ ശക്തമായ നടപടിയുണ്ടാകും വരെ സമരം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.