
കീവ്: പുടിൻ ആക്രമണം കടുപ്പിക്കുന്നതിനിടെ ഏതുവിധേനയും രാജ്യത്തെ സംരക്ഷിക്കാനൊരുങ്ങി യുക്രെയിൻ ജനത. മുൻ പ്രസിഡന്റും മേയറും പാർലമെന്റ് അംഗവുമടക്കം തോക്കേന്തി യുദ്ധത്തിനിറങ്ങുമ്പോൾ യുക്രെയിനിലെ ഒരു മദ്യനിർമാണശാല മദ്യത്തിന് പകരമായി ബോംബുകൾ നിർമിച്ച് ശത്രുക്കളെ തുരത്താനൊരുങ്ങുന്നു.
യുക്രെയിനിലെ പോളണ്ട് അതിർത്തിയ്ക്ക് സമീപമുള്ള ലിവിവിലെ പ്രാവ്‌ഡ എന്ന മദ്യനിർമാണശാലയാണ് റഷ്യൻ സേനയിൽ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ മൊളൊടൊവ് കോക്ടെയിൽ എന്ന ബോംബ് നിർമിക്കുന്നത്. മൊളൊടൊവ് കോക്ടെയിൽ എന്നത് അസംസ്കൃത ഉത്പന്നങ്ങൾ കൊണ്ട് നിർമിക്കുന്ന സ്ഫോടക വസ്തുവാണ്. സാധാരണയായി കുപ്പിയിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ഇത് നിർമിക്കുന്നത്. പെട്രോൾ, ആൽക്കഹോൾ, നാപാം തുടങ്ങിയ സ്ഫോടനശേഷിയുള്ള വസ്തുക്കളാണ് കുപ്പിയിൽ നിറയ്ക്കുന്നത്. കലാപകാരികളും കുറ്റവാളികളുമാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. പ്രാവ്‌ഡ മദ്യനിർമാണശാല മൊളൊടൊവ് കോക്ടെയിൽ നിർമിക്കുന്നതിനായുള്ള ധനശേഖരണവും നടത്തുന്നുണ്ട്.