
മോസ്കോ : കഴിഞ്ഞ ദിവസം ആണവ പ്രതിരോധ സേനയോട് സജ്ജമായിരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചത് ആശങ്കയോടെയാണ് ലോകം കാണുന്നത്.
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ 'ലിറ്റിൽ ബോയ് ", ' ഫാറ്റ് മാൻ " അണുബോംബുകൾ വിതച്ച നാശം ദുഃസ്വപ്നമായി ഇപ്പോഴും ലോകത്തെ വേട്ടയാടുന്നുണ്ട്. ഒറ്റയടിക്ക് ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ വിതയ്ക്കുന്ന കെടുതി ദശാബ്ദങ്ങൾ കൊണ്ടുപോലും അവസാനിക്കുന്നതല്ല.
റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് പുറംലോകത്തിന് അജ്ഞാതമാണ് എന്നതാണ് വാസ്തവം. പ്രതിരോധ മേഖലയെ നിരീക്ഷിക്കുന്ന സംഘടനകളുടെ കണക്കു പ്രകാരം റഷ്യയ്ക്കാണ് കൂടുതൽ ആണവായുധങ്ങൾ.
സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങൾ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നൽകിയിരുന്നു.
 ആണവായുധങ്ങൾ 13080
റഷ്യ...............6257
യു.എസ്........5550
ചൈന............350
ഫ്രാൻസ്........290
യു.കെ..........225
*മറ്റുരാജ്യങ്ങൾ: 408
(*ഇന്ത്യ, പാകിസ്ഥാൻ,
വടക്കൻകൊറിയ. ഇസ്രയേൽ
ലിസ്റ്റിലുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല )
 ഉന്നം പിടിച്ച് 1,500
പോർമുനകൾ
1,500 ലേറെ ആണവ പോർമുനകൾ ശത്രുരാജ്യങ്ങളെ ഉന്നംവച്ച് റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് ദ ബുള്ളറ്റിൻ ഒഫ് അറ്റോമിക് സയന്റിസ്‌റ്റ്‌സിന്റെ വിലയിരുത്തൽ. യു.എസിനെ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളിൽ മാത്രമല്ല, അന്തർവാഹിനികളിലെയും പോർ വിമാനങ്ങളിലെയും മിസൈലുകളിലും ആണവ പോർമുനകൾ ഉണ്ടെന്ന് കരുതുന്നു.
റഷ്യയുടെ സർമത്, പോസിഡൺ ടോർപിഡോ, ബെൽഗൊറോഡ് അന്തർവാഹിനി, അവൻഗാർഡ് ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ തുടങ്ങിയ ആണവായുധങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു.
റഷ്യയെ പോലെ തന്നെ യു.എസും ആണവായുധങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ആണവ പോർമുനകളെ വഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തകർക്കാനുള്ള സാങ്കേതികവിദ്യ യു.എസിന്റെ പക്കലുണ്ട്. എന്നാൽ, ഇത്തരം സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ മിസൈലുകളെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.