vishnu-solanki

ന്യൂഡൽഹി: ബറോഡ രഞ്ജി ട്രോഫി താരമായ വിഷ്ണു സോളങ്കിയു‌ടെ ജീവിതത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായത് രണ്ട് വലിയ നഷ്ടങ്ങളാണ്. ഏറെ നാൾ കാത്തിരുന്ന് കിട്ടിയ കൺമണിയുടെ വിയോഗമായിരുന്നു ആദ്യം .പിന്നാലെ തന്റെ കരിയറിൽ താങ്ങും തണലുമായി നിന്ന പിതാവിനെയും മരണം കവർന്നു. ഇൗ രണ്ട് വേദനകൾക്കിടയിലും രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് വിഷ്ണു.

ഫെബ്രുവരി 10-നാണ് വിഷ്ണുവിന് ഒരു പെൺകുഞ്ഞ് പിറന്നത്. അച്ഛനായതിന്റെ സന്തോഷം അടങ്ങും മുമ്പ് താരത്തെ തേടി ആ പിഞ്ചോമനയുടെ മരണ വാർത്തയെത്തി. മകൾ മരിച്ചപ്പോൾ ബറോഡ ടീമിന്റെ ബയോ ബബിൾ വിട്ട താരം കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങിയിരുന്നു. അന്ന് കുഞ്ഞിന്റെ ദേഹത്ത് ആദ്യമായും അവസാനമായും ചുംബിക്കുന്ന വിഷ്ണുവിന്റെ ചിത്രം, കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു. ഈ വിഷമഘട്ടത്തിൽ ഭാര്യയ്ക്ക് കൂട്ടായി അവർക്കൊപ്പം നിൽക്കാൻ താരത്തിന് അനുവാദമുണ്ടായിരുന്നു. എന്നാൽ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ബറോഡയുടെ രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് താരം മടങ്ങി.ചണ്ഡിഗഡിനെതിരേ നടന്ന അടുത്ത മത്സരത്തിൽ സെഞ്ചുറി നേടിയ വിഷ്ണു ആ നേട്ടം മകൾക്ക് സമർപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 27-നായിരുന്നു വിഷ്ണുവിന്റെ അച്ഛന്റെ വിയോഗം. വിഷ്ണു വീഡിയോ കോൾ വഴിയാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. വ്യാഴാഴ്ച തുടങ്ങുന്ന ഹൈദരാബാദിനെതിരായുള്ള മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് താരം.