roman-abramovic

ബലാറസ്: റഷ്യ - യുക്രെയിൻ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോൾ തീർത്തും അപ്രതീക്ഷിത വ്യക്തിയാണ് ഈ ചർച്ചകൾക്ക് മദ്ധ്യസ്ഥം വഹിക്കുന്നത്. റോമൻ അബ്രാമോവിച്ച് എന്ന റഷ്യൻ കൊടീശ്വരൻ. ഈ പേര് ഒരുപക്ഷേ ഫുട്ബാൾ ആരാധകർക്ക് പരിചിതമായിരിക്കും. പ്രീമിയർ ലീഗ് ഫുട്ബാൾ ക്ളബായ ചെൽസി എഫ് സിയുടെ ഉടമയാണ് അബ്രാമോവിച്ച്. യുക്രെയിനിന്റെ ക്ഷണപ്രകാരമാണ് അബ്രാമോവിച്ച് മദ്ധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നത്. ഒരു റഷ്യൻ പൗരനെ ചർച്ചകൾക്ക് മദ്ധ്യസ്ഥം വഹിക്കാൻ യുക്രെയിൻ എന്തിന് ക്ഷണിക്കുന്നെന്ന് അറിയണമെങ്കിൽ ആദ്യം അബ്രാമോവിച്ച് ആരെന്ന് മനസിലാക്കണം.

ചെൽസി ക്ളബിന്റെ ഉടമ എന്നതിലുപരി റഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തി കൂടിയാണ് അബ്രാമോവിച്ച്. ഒരു ജൂത വംശജനാണെങ്കിലും റഷ്യൻ അധീനതയ്ക്ക് കീഴിലുള്ള കൊമി റിപ്പബ്ളിക്കിലെ എക്കണോമിക്ക് കൗൺസിൽ ജീവനക്കാരനായിരുന്നു അബ്രാമോവിച്ചിന്റെ പിതാവ്. തന്റെ മുപ്പതാം വയസിൽ തന്നെ അന്നത്തെ റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സിനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു അബ്രാമോവിച്ചിന്. അത് പോരെങ്കിൽ നിലവിലെ പ്രസിഡന്റ് വ്ളാദിമി‌ർ പുടിനെ യെൽറ്റ്സിന്റെ പിൻഗാമിയായി നിർദ്ദേശിച്ചതും അബ്രാമോവിച്ചാണ്. ഫോർബ്സ് മാസികയുടെ പട്ടിക പ്രകാരം ലോകത്തിലെ 125 പണക്കാരിൽ ഒരാളായ അബ്രാമോവിച്ചിന്റെ വാക്കുകളെ കണ്ണടച്ച് എതിർക്കാൻ പുടിൻ പോലും മടിക്കും എന്നതാണ് അബ്രാമോവിച്ചിനെ വ്യത്യസ്ഥനാക്കുന്നത്. ചുരുക്കത്തിൽ പുടിനെ നിയന്ത്രിക്കാൻ സാധിക്കുന്ന ലോകത്തിലെ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അബ്രാമോവിച്ച്.

ഒരു റഷ്യക്കാരനായ അബ്രാമോവിച്ചിനെ യുക്രെയിൻ എന്തിന് വിശ്വസിക്കണമെന്നതാണ് ചോദ്യമെങ്കിൽ, അദ്ദേഹത്തിന്റെ അമ്മ യുക്രെയിൻകാരിയാണ് എന്നതാണ് ഉത്തരം. രണ്ടാം ലോക മഹായുദ്ധത്തിനിടെ അബ്രാമോവിച്ചിന്റെ അമ്മയുടെ മാതാപിതാക്കൾ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തവരാണ്. മാത്രമല്ല യുക്രെയിനിലും റഷ്യയിലുമുള്ള ജൂത വിഭാഗങ്ങളുമായി ഇപ്പോഴും അബ്രാമോവിച്ചിന് വളരെ അടുത്ത ബന്ധങ്ങളുണ്ട്.

എന്നാൽ അത് മാത്രമല്ല ഇദ്ദേഹത്തിനുള്ള താത്പര്യങ്ങൾ. റഷ്യ - യുക്രെയിൻ യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടത് അബ്രാമോവിച്ചിന്റെ കൂടെ ആവശ്യമാണ്. യുദ്ധം തുടർന്നു പോയാൽ അബ്രാമോവിച്ചിന് ഏറ്റവും വിലയേറിയ ചെൽസി ഫുട്ബാൾ ക്ളബിന്റെ ഉടമസ്ഥ സ്ഥാനം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വരും. യുദ്ധത്തെ തുടർന്ന് ബ്രിട്ടനിൽ റഷ്യക്കാർക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങൾ അബ്രാമോവിച്ചിനും ബാധകമാണ്. നിലവിൽ ക്ളബിന്റെ ഉടമസ്ഥ സ്ഥാനം അബ്രാമോവിച്ചിന്റെ കൈയിൽ തന്നെയാണെങ്കിലും നടത്തിപ്പ് അവകാശം ക്ളബിന്റെ കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപിച്ചിരിക്കുകയാണ്. എന്നാൽ ആറ് അംഗങ്ങളുള്ള ട്രസ്റ്റിലെ ഒരാൾ പോലും ക്ളബിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ താത്പര്യം കാണിച്ചിട്ടില്ലെന്നത് ചെൽസിയെ ദുരിതത്തിലാക്കുകയാണ്.

യുദ്ധം അബ്രാമോവിച്ചിന്റെ മദ്ധ്യസ്ഥതയിൽ തീരുകയാണെങ്കിൽ അന്താരാഷ്ട്ര തലത്തിൽ അബ്രാമോവിച്ചിന്റെ സ്ഥാനം ഉയരുമെന്നത് ഉറപ്പാണ്. അതിന്റെ പ്രതിഫലമായി യു കെയിൽ നിലവിലുള്ള ഉപരോധങ്ങളിൽ അബ്രാമോവിച്ചിന് അയവ് ലഭിച്ചാൽ അത് ചെൽസി എന്ന ക്ളബിനും പ്രയോജനകരമായി തീരും.