
ചെന്നൈ: രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയെല്ലാം നേതാക്കളുടെ സംഗമസ്ഥലമായി മാറി ഇന്ന് ചെന്നൈ നഗരം. മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്റെ ആത്മകഥ 'ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരാൾ) എന്ന പുസ്‌തകത്തിന്റെ പ്രകാശന വേദിയിലാണ് വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തത്.
പുസ്‌തകം പ്രകാശനം ചെയ്‌തത് രാഹുൽ ഗാന്ധിയായിരുന്നു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ആർജെഡി നേതാവായ തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുളള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി പുസ്‌തകം കൈമാറിയാണ് പുസ്‌തക പ്രകാശനം നടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ സ്‌റ്റാലിന്റെ ജീവിതത്തിലെ ആദ്യ 23 വർഷത്തെ ജീവിതമാണ് ബുക്കിലുളളത്. 1976 വരെയുളളത്. ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയ കനിമൊഴി രാജ്യത്തെ വിഭാഗീയതയുടെ രാഷ്‌ട്രീയത്തിനും ഫാസിസത്തിനും എതിരെ നിലകൊളളുന്നവരുടെ ട്രെയിലറാണ് പുസ്‌തക പ്രകാശന ചടങ്ങെന്ന് അഭിപ്രായപ്പെട്ടു.
ബിജെപി നേതൃത്വത്തിലെ കേന്ദ്ര സർക്കാർ പാവങ്ങൾക്കും പണക്കാർക്കും എന്നതരത്തിൽ രണ്ട് തരം ഇന്ത്യയെ സൃഷ്‌ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഇലക്ഷൻ കമ്മിഷനും മാദ്ധ്യമങ്ങളും നിരന്തരം ആക്രമണം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദൽ മുന്നണി സ്ഥാപിക്കാനുളള ശ്രമത്തിലാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ. ഇക്കൂട്ടത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും വിവിധ പാർട്ടി നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.