
ന്യൂഡൽഹി: റഷ്യ - യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയിൽ റഷ്യയ്‌ക്കെതിരെ നടന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കേന്ദ്ര സർക്കാർ നിലപാടിനെ അനുകൂലിച്ച് കോൺഗ്രസ്. ദേശീയ നേതാവ് രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നുള്ള എം പിയായ ശശി തരൂരും കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ തയ്യാറായതിനിടെയാണ് വിരുദ്ധമായ നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയത്.
റഷ്യ - യുക്രെയിൻ സംഘർഷത്തിന് അയവ് വരുത്താൻ സമവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ഇന്ന് കോൺഗ്രസ് ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാർ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച വാദങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ഇന്നത്തെ നിലപാടെന്നത് ശ്രദ്ധേയമാണ്. മുൻ കേന്ദ്ര മന്ത്രിയും പാർട്ടിയുടെ അന്താരാഷ്ട്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനുമായ ആനന്ദ് ശർമ്മയുടെ പേരിലാണ് പ്രസ്താവന. അതേസമയം യുക്രെയിനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ലോകത്തിന്റെ മുഴുവൻ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
നേരത്തെ ഐക്യരാഷ്ട്ര സഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ശശി തരൂർ ഭാവിയിൽ ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്തായിരുന്നു നിലയുറപ്പിച്ചിരുന്നതെന്ന് പറയാൻ ഇടവരുത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.