kk

കീവ്: ബലാറൂസില്‍ റഷ്യയുമായി നടന്ന ചർച്ചയിൽ ​ സമ്പൂർണ സേനാപിൻമാറ്റം എന്ന നിലപാടിൽ നിന്ന് വ്യതിചലിക്കാതെ യുക്രെയിൻ. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിൻ ചർച്ചയിൽ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് അറിയിച്ചിരുന്നു. അതിനിടെ യുക്രെയിനുമായി ധാരണയിലെത്താൻ സന്നദ്ധനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

നേരത്തെ യുക്രെയിൻ തലസ്ഥാനമായ കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നല്‍കി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യ പ്രഖ്യാപിച്ചു.

അതേസമയം റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് രാജ്യത്തേക്ക് മടങ്ങാൻ അമേരിക്ക ആവശ്യപ്പെട്ടു. മോസ്‌കോയിലെ യു.എസ് എംബസിയാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കി. ബെലാറൂസിലെ യു.എസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു. റഷ്യൻ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്‍മാര്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.